കല്ലുവാതുക്കൽ : പഞ്ചായത്തിലെ പരിസര പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. പാന്പുറം, ശ്രീരാമപുരം, മേവനക്കോണം, മീനന്പലം പ്രദേശങ്ങളിൽ നായകൾ കൈയടക്കി കഴിഞ്ഞു.കഴിഞ്ഞ ദിവസം മേവനക്കോണം , ശ്രീരാമപുരത്ത് പേപ്പട്ടി ഇറങ്ങി കാൽ നാടയാത്രക്കാരെയും വീടുകളിലെ വളർത്തു മൃഗങ്ങളെയും ആക്രമിച്ചു. നിരവധി പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.
വളർത്തു മൃഗങ്ങളെയും കാൽനടയാത്രക്കാരെയും തെരുവ് നായകൾ ആക്രമിക്കുന്നത് പതിവ് കാഴ്ചയാണ്. ഇരുചക്രവാഹനയാതത്രികരും നായകളുടെ ആക്രമണത്തിൽ അപകടത്തിൽപ്പെടുന്നു. ബൈക്കിന്റെ പിറകെ കുരച്ച് കൊണ്ട് ഓടി അടക്കുന്ന നായയുടെ ആക്രമണഭീതിയിലാണ് അപകടത്തിൽ പെടുന്നത്.
രാത്രിയിൽ തെരുവ് നായ്ക്കളെ ഭയന്ന് കല്ലുവാതുക്കൽ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് . വർദ്ധിച്ചു വരുന്ന തെരുവ്നായക്കളുടെ ശല്യം അവസാനിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.