തലശേരി: തെരുവ് നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ വിദ്യാർഥി കിണറ്റിൽ വീണു. വീഴ്ചയിൽ പരിക്കേറ്റെങ്കിലും നീന്തലറിയാവുന്നതിനാൽ വിദ്യാർഥി ആളുകൾ എത്തുന്നതുവരെ കിണറിന്റെ പടയിൽ പിടിച്ചു നിന്നു രക്ഷപ്പെട്ടു. ഇന്നു രാവിലെ കൊളശേരിയിലായിരുന്നു സംഭവം.
വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി പോയ എട്ടാം ക്ലാസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിക്കുകയായിരുന്നു. പത്തിലേറെ വരുന്ന നായക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ടോടിയ കുട്ടിക്കു പിന്നാലെ നായക്കൂട്ടം പിന്തുടർന്നു. കുട്ടി സമീപത്തെ പറന്പിലെ മതിൽ ചാടിക്കടന്നു രക്ഷപ്പെടുന്നതിനിടെയാണ് കിണറ്റിൽ വീണത്.
വീഴ്ചയിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളശേരി മേഖലയിൽ തെരുവ്നായകൾ ജനജീവിതത്തിന് ഭീഷണിയായി മാറുകയാണ്. നായക്കൂട്ടത്തെ ഭയന്ന് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പോലും ഇവിടുത്തുകാർ ഭയക്കുകയാണ്.