മാന്നാർ: തെരുവുനായശല്യം മുൻപ് എങ്ങുമില്ലാത്ത വിധത്തിൽ വർധിച്ചതിനാൽ ജനങ്ങൾ ഭീതിയിൽ. മാന്നാർ, പരുമല പ്രദേശങ്ങളിൽ മാത്രമായി 1000ഓളം തെരുവ് നായ്ക്കൾ ഉള്ളതായിട്ടാണ് കണക്ക്.
മാന്നാർ ടൗൺ, പാവുക്കര, കുരട്ടിക്കാട്, പരുമല തേവർ കാട്, തിക്കപ്പുഴ, കോട്ടക്കൽ കടവ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം.
ഒരോ കേന്ദ്രത്തിലും കൂട്ടമായി അധിവസിക്കുന്ന നായകൾ പലപ്പോഴും ആക്രമണകാരികളാകുന്നതാണ് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി വന്ധീകരണം നടക്കാത്തതിനാലാണ് ഇവ പെറ്റുപെരുകാൻ കാരണമായത്.
സ്കൂൾ അധ്യയനവർഷം ആരംഭിച്ചതോടെ വിദ്യാർഥികൾക്ക് ഇവയുടെ ഭീഷണിയാൽ വഴിനടക്കാൻ മുതിർന്നവരുടെ കൂട്ട് വേണ്ട സ്ഥിതിയാണ്.
കോട്ടയ്ക്കൽ കടവ് പാലത്തിലൂടെ പരുമലയിലേക്കുള്ള റോഡിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇരുചക്ര വാഹനയാത്രക്കാരും സൈക്കിളിൽ വരുന്നവരും കാൽനട യാത്രക്കാരും നായകളുടെ ഇരകളായി മാറുകയാണ്.
ചില സമയം നായകൾ അക്രമകാരികളാകുന്നുണ്ട്. ഇരു ചക്ര വാഹനങ്ങളിൽ വരുന്നവർക്ക് കുറുകെ ചാടുകയും സൈകിളിൽ പോകുന്ന ആളുകളുടെ നേരെ പാഞ്ഞടുക്കുകയും ചെയ്യുന്നത് കാരണം യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്.
പരുമല സെന്റ്് ഗ്രിഗോറിയോസ് ആശുപത്രിയിലേക്ക് പോകുന്ന ആളുകൾ, പരുമല പമ്പ കോളേജ് വിദ്യാർഥികൾ ഇവരെല്ലാം ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. പേടി കാരണം മറ്റ് വഴികളെ ആശ്രയിക്കുന്നവരുമുണ്ട്.
രാത്രികാലങ്ങളിൽ പരുമല ആശുപത്രി റോഡിൽ തെരുവു വിളക്കുകൾ പലതും ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
പാലം കഴിഞ്ഞുള്ള റോഡിന്റെ സൈഡിലുള്ള ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള പറമ്പിൽ ഇരുവശവും കാട് കയറിയതുകാരണം പ്രദേശത്ത് മാലിന്യ നിക്ഷേപവും വളരെ കൂടുതലാണ്.