കോട്ടയം: തെരുവുനായകള്‍ മനുഷ്യരെ അക്രമിക്കുകയും തെരുവുനായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാടാകെ സമരം നടക്കുന്നതിനിടയില്‍ തെരുവുനായ്ക്കളെക്കുറിച്ച് ഹ്രസ്വചിത്രം ഒരുങ്ങുന്നു. കോട്ടയം കൂട്ടായ്മയാണ് “പേപ്പട്ടികള്‍ കുരയ്ക്കാറില്ല” എന്ന ഹ്രസ്വ ചിത്രം ഒരുക്കുന്നത്. എംജി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയായ ബിജോഷ് നാഥും തിരുവാര്‍പ്പ് മുന്‍ പഞ്ചായത്ത് മെമ്പര്‍ അനീഷ് തമ്പിയും ചേര്‍ന്നാണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ ഹിച്ചിരിക്കുന്നത് ബിജോഷ് നാഥാണ്. ഈ മാസം അവസാനത്തോടെ കുട്ടനാട്, കുമരകം, തിരുവാര്‍പ്പ്, ആലപ്പുഴ തുടങ്ങിയ ഭാഗങ്ങളായി ചിത്രീകരണം ആരംഭിക്കും.
തെരുവു നായ്ക്കളും കേന്ദ്ര കഥാപാത്രവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം വര്‍ഷങ്ങളായി സമൂഹ മാധ്യമങ്ങളിലും ജന മനസുകളിലും നിറഞ്ഞു നില്‍ക്കുന്ന തെരുവ് നായ ശല്യത്തിലേക്കുള്ള എത്തിനോട്ടവും പ്രശ്‌നത്തിനുള്ള ഒരു പരിഹാര മാര്‍ഗവും ആയിരിക്കുമെന്ന് സംവിധായകന്‍ ബിജോഷ് നാഥും അനീഷ് തമ്പിയും പറഞ്ഞു.
ചിത്രത്തിന്റെ മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പ്രൊമോഷണല്‍ സോംഗ് “മുല്ലപ്പൂ മാല തരാം” എന്ന ഗാനം സോഷ്യല്‍ മീഡിയാകളില്‍ ഇതിനകം തന്നെ ഹിറ്റായിട്ടുണ്ട്. പൂര്‍ണമായും കുട്ടനാട്ടില്‍ ചിത്രീകരിച്ച ഈ ഗാനത്തില്‍ 92 വയസുള്ള പാതിരാ മത്തായി മുതല്‍ രണ്ട് വയസുള്ള കൊച്ചു കുട്ടി വരെ പ്രത്യക്ഷപ്പെടുന്നുണ്ട്. കുട്ടനാടിന്റെ ഭംഗി മുഴുവന്‍ നാലര മിനുട്ടുള്ള ഈ ഗാന രംഗത്തിലൂടെ ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.
അഭിനയിച്ചവര്‍ എല്ലാരും തദ്ദേശരാണെന്നതും ഈ പാട്ടിന്റെ മാറ്റ് കൂട്ടുന്നു. കുട്ടനാടിന്റെ സൗന്ദര്യവും അഴകും അതി മനോഹരമാക്കി തന്റെ കാമറയില്‍ ഒപ്പിയെടുത്തത് സംവിധായകന്‍ കൂടിയായ ബിജോഷ് നാഥാണ്. വരികളെഴുതിയതും സംഗീതം നിര്‍വഹിച്ചതും സംവിധാനം നിര്‍വഹിച്ചതും ബിജോഷ് നാഥും അനീഷ് തമ്പിയും ചേര്‍ന്നാണ്.