തലയോലപ്പറന്പ്: തെരുവുനായ കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരിക്ക്. ഞീഴൂർ ശ്രീവത്സത്തിൽ മഹേഷിനാ(34)ണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെ തലയോലപ്പറന്പ് കെ.ആർ സ്ട്രീറ്റിന് സമീപമാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാൾ വീട്ടിലേക്ക് പോകുന്നതിനിടെ തെരുവുനായ കുറുകെ ചാടുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചു വീണ് സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ഉടൻ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയോലപ്പറന്പിലും പരിസരങ്ങളിലും അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കൾ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഏറെ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആക്രമണകാരികളായ തെരുവുനായ്ക്കൾ കാൽനടയാത്രക്കാരെയും വളർത്തു മൃഗങ്ങളെയും ആക്രമിക്കുന്നതും നിത്യസംഭവമാണ്.
കഴിഞ്ഞ മാസം തലയോലപ്പറന്പ് ജംഗ്ഷന് സമീപം തെരുവു നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരി വടകര അമ്മം കുന്നത്ത് മഞ്ജു ദേവരാജൻ (43), മറവൻതുരുത്ത് സ്വദേശിനി മിനി (40) എന്നിവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ ആറ് മാസത്തിനിടെ തലയോലപ്പറന്പിലും സമീപ പ്രദേശങ്ങളിലും 20 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണകാരികളായ നായക്കൂട്ടത്തെ പിടികൂടുന്നതിനോ വന്ധീകരിക്കുന്നതിനോ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ നിരത്തുകളും പൊതു സ്ഥലങ്ങളും ഇവർ കയ്യടക്കിയിരിക്കുകയാണ്.