സ്വന്തം ലേഖകൻ
തൃശൂർ: തെരുവുനായ്ക്കൾ ജീവനെടുക്കുന്പോൾ രക്ഷയെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. വടൂക്കരയിലും അന്തിക്കാടും കുട്ടികളെ കടിച്ചുകീറിയ തെരുവുനായ്ക്കൾ കുന്നംകുളത്ത് ബൈക്ക് യാത്രക്കാരിയുടെ മരണത്തിനും കാരണമായതോടെ ജനം ഭയപ്പാടിലാണ്.
നാട്ടിൻപുറമെന്നോ നഗരമെന്നോ വേർതിരിവില്ലാതെ തെരുവുനായ്ക്കൾ ഭീതിപരത്തി നാടുവാഴുകയാണ്. ബൈക്ക് യാത്രക്കാർക്ക് പിന്നാലെ കുതിച്ചുപാഞ്ഞ് അവരെ അപകടത്തിലാക്കുന്ന തെരുവുനായ്ക്കൾ കാൽനാടയാത്രക്കാരേയും ആക്രമിക്കുന്നു. സ്കൂളിൽ പോകുന്ന കുട്ടികൾ പേടിയോടെയാണ് സഞ്ചരിക്കുന്നത്.
വന്ധ്യംകരണ പദ്ധതികളടക്കം നടപ്പാക്കിയിട്ടും തെരുവുനായ ശല്യവും ആക്രമണവും കുറയുന്നില്ലെന്നത് പദ്ധതികൾ കാര്യക്ഷമമല്ലെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. തെരുവുനായ്ക്കളുടെ ആക്രമണവീര്യം മുന്പത്തേക്കാൾ കൂടിവരുന്നതായാണ് കാണുന്നത്.
പദ്ധതികളുണ്ടെങ്കിലും തെരുവുനായ്ക്കൾക്ക് കുറവില്ല. അവയുടെ ആക്രമണവും ക്രൗര്യതയും വർധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. കൂട്ടത്തോടെയെത്തി ആളുകളെ ആക്രമിക്കുന്ന തെരുവുനായ്ക്കൾ രാത്രിയാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വലിച്ചെറിയുന്ന മാലിന്യങ്ങൾ പെരുകുന്നതാണ് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമെന്ന് ആരോപിക്കുന്നവരും ഏറെയാണ്.
എന്ത് വന്ധ്യംകരണം… കൊല്ലുകയാണ് വേണ്ടത്..
വന്ധ്യംകരിച്ചിട്ടെന്തു കാര്യം. അവറ്റകളെ കൊല്ലുകയാണ് വേണ്ടത്. അല്ലാതെ സ്വൈര്യായിട്ട് നടക്കാൻ പറ്റില്ല – തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ തൃശൂരിലെ ഒരു വീട്ടമ്മയുടെ പ്രതികരണം ഇതായിരുന്നു. കടിയേറ്റവരും പരിക്കേറ്റവരും തെരുവുനായ്ക്കളെ ഇല്ലാതാക്കണം എന്ന അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്.
കടി കൊണ്ടവർക്കേ അതിന്റെ വേദനയറിയൂ എന്നും കടിയേറ്റ് വേദന കൊണ്ട് പുളഞ്ഞ എന്റെ കുട്ടിയുടെ കരച്ചിൽ അവരൊന്നും കേട്ടിട്ടില്ലല്ലോ കണ്ടിട്ടില്ലല്ലോ എന്നും രോഷത്തോടെ ചോദിച്ച വീട്ടമ്മ മകളുടെ പുറത്ത് തെരുവുനായ കടിച്ചു കീറിയ പാടുകൾ കാണിച്ചു തന്നു.
വന്ധ്യംകരണം ഫലപ്രദമെന്ന് അധികൃതർ
തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുന്പോൾ വംശവർധന കുറയുന്നുവെന്നും അങ്ങിനെ തെരുവുനായ ശല്യം ഇല്ലാതാകുമെന്നും അധികൃതർ ആവർത്തിക്കുന്നു. തെരുവുനായ്ക്കളെ കൊല്ലാൻ നിയമതടസങ്ങളുണ്ടെന്നാണ് അധികൃതർ പറയുന്നത്.എബിസി പോലുള്ള പദ്ധതികൾ വഴി തെരുവുനായ ശല്യം കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്ന് അധികാരികളുടെ വാക്കുകൾ.