സ്വന്തം ലേഖകന്‍
തൃശൂര്‍: കടിച്ചുകീറികുടയാന് തെരുവുകള്‍ നിറയെ ആക്രമണകാരികളായ തെരുവുനായ്ക്കള്‍. രാവും പകലുമെന്ന ഭേദമില്ലാതെ വഴിനീളെ അവയുടെ അഴിഞ്ഞാട്ടം. പുറത്തിറങ്ങാന്‍ ഭയന്ന് ജനം. ഇരുചക്രവാഹനയാത്രക്കാര് മരണഭീതിയില്‍ പായുന്നു.
ഇതാണ് ഇപ്പോള്‍ തൃശൂരിലെ അവസ്ഥ. തൃശൂര്‍ ജില്ലയുടെ മിക്ക ഭാഗങ്ങളില്‍ നിന്നും തെരുവുനായ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയും വഴിയാത്രക്കാരേയും എന്നുവേണ്ട എവിടേയും എപ്പോഴും തെരുവുനായ്ക്കളുടെ ആക്രമണത്തിന് സാധ്യതയേറെയാണ്.
കഴിഞ്ഞ ദിവസം മാത്രം പതിനഞ്ചോളം പേരെയാണ് രണ്ടു സ്ഥലങ്ങളിലായി തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇതില്‍ എടത്തിരുത്തിയില്‍ കടിക്കാന്‍ വന്ന തെരുവുനായയെയ കവുങ്ങിന് പട്ടയെടുത്ത് അടിച്ചോടിക്കാന്‍ ശ്രമിച്ച അധ്യാപികയുടെ നേരെ കുരച്ചുചാടി വീണ് ആക്രമിക്കുകയായിരുന്നു തെരുവുനായ. അടിച്ചോടിക്കാന്‍ ശ്രമിച്ചാല്‍ പോലും രക്ഷയില്ലാത്ത സ്ഥിതി.
പീച്ചിയില്‍ രണ്ടുവയസുകാരനും അഞ്ചുവയസുകാരിക്കും
കടിയേറ്റു
ഒല്ലൂര്‍: പീച്ചി മയിലാട്ടുംപാറയില്‍ തെരുവുനായയുടെ കടിയേറ്റ് രണ്ടുവയസുകാരനും അഞ്ചുവയസുകാരിക്കും പരിക്ക്. ഇവരടക്കം അഞ്ചുപേര്‍ക്ക് കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലിങ്കല്‍ വീട്ടില്‍ നിക്സന്റെ മകള്‍ നിസിയ(5), കല്ലിങ്കല്‍ ബിന്‍സന്റെ ഭാര്യ ദീപ്തി(26), കോണ്പറമ്പില് അജിതയുടെ മകന് ദേവിക്(2), കോഴിപ്പാടന്‍ രാജന്റെ ഭാര്യ ഗൗരി(62), തെക്കുപാടത്ത് പ്രകാശന്റെ മകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വൈകീട്ട് സ്കൂള്‍ ബസ് ഇറങ്ങിവരികയായിരുന്ന നിസിയയെ തെരുവുനായ കടിക്കാന്‍ വരുന്നത് കണ്ട ഇളയമ്മ ദീപ്തി നായയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരേയും നായ കടിക്കുകയായിരുന്നു. ദീപ്തിക്ക് ആഴത്തിലുള്ള മുറിവുണ്ട്.
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദേവികിനെ നായ കടിച്ചത്. ദേവികിന് നാല് സ്റ്റിച്ചിട്ടിട്ടുണ്ട്.