കോട്ടയം: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുമ്പോഴും സംസ്ഥാനത്ത് വാക്സിനേഷന് ഇഴഞ്ഞുതന്നെ. കോട്ടയം ജില്ലയില്‍ ഇതുവരെ 1065 തെരുവു നായ്ക്കള്‍ക്കു മാത്രമാണ് വാക്സിന് നല്‍കിയിരിക്കുന്നത്.
തദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൃഗസംരക്ഷണവകുപ്പാണ് വാക്സിന് നല്‍കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ താത്പര്യം കാട്ടാത്തതിനാല്‍ പദ്ധതി മുടന്തുകയാണ്. നിലവില്‍ ജില്ലയില്‍ 15 പഞ്ചായത്തുകളില്‍ മാത്രമാണ് തെരുവ്നായ് വാക്സിനേഷന് നടക്കുന്നത്.
മറ്റ് പഞ്ചായത്തുകളൊന്നും താത്പര്യം കാട്ടിയിട്ടില്ല. പഞ്ചായത്ത് സെക്രട്ടറിമാരാണു പദ്ധതി നടപ്പിലാക്കേണ്ടത്. നായ്ക്കളെ പിടികൂടാന്‍ ജീവനക്കാരെ അടക്കം നിയോഗിക്കേണ്ടതും ചെലവ് വഹിക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളാണ്.
ജില്ലയില്‍ 43,660 വളര്‍ത്തുനായ്ക്കള്‍ക്ക് വാക്സിനേഷന് എടുത്തിട്ടുണ്ട്. നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി കൂടുതല്‍ എബിസി സെന്ററുകള്‍ തുറക്കാനുള്ള നീക്കവും വിജയിച്ചിട്ടില്ല.
തദേശസ്ഥാപനങ്ങള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കഴിയാത്തതാണ് ഇഴയാന്‍ കാരണം. കോടിമതയിലാണ് ജില്ലയിലെ ഏക എബിസി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈക്കത്ത് എബിസി സെന്റര്‍ തുടങ്ങാന്‍ തത്വത്തില്‍ തീരുമാനമായെങ്കിലും നടപടി ആരംഭിച്ചിട്ടില്ല.
ശല്യം രൂക്ഷമായതോടെ ഹോട്ട് സ്പോട്ടുകളും മൃഗസംരക്ഷണവകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഒരുമാസം പത്തോ അതിലധികമോ തെരുവുനായ ആക്രമണമുണ്ടായ സ്ഥലങ്ങളെയാണ് ഹോട്ട് സ്പോട്ടായി മാറ്റിയത്.
പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, വെച്ചൂര്‍ എന്നിവടങ്ങളെയാണ് ജില്ലയിലെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്.
ചങ്ങനാശേരിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 321 പേര്‍ക്കാണു കടിയേറ്റത്. കാഞ്ഞിരപ്പള്ളി-192, പാലാ-167, വൈക്കം-150, വെച്ചൂര്‍-142 എന്നിങ്ങനെയാണു മറ്റിടങ്ങളില്‍ നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല.െ