മല്ലപ്പള്ളി: മല്ലപ്പള്ളിയിലും സമീപ പ്രദേശത്തും തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചുവരുന്നു.തെരുവുനായ്ക്കൾ കൂട്ടത്തോടെ റോഡിൽ ബഹളമുണ്ടാക്കുന്നത് ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണിയായി. അപകട ഭീഷണിയായി ബൈക്കിനു പുറകെ ഓടിയും അപകടങ്ങൾ സൃഷ്ടിക്കുന്നു.
മുൻകാലങ്ങളിൽ പഞ്ചായത്ത് തലത്തിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയെന്ന പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇത് നടത്താറില്ല. ദിനംപ്രതി വർധിച്ചു വരുന്ന തെരുവുനായ്ക്കൾക്ക്പേവിഷബാധയേറ്റ് ജനങ്ങളെയും മറ്റു മൃഗങ്ങളെയും കടിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.
കഴിഞ്ഞദിവസം മാരിക്കൽ നമ്പൂരക്കൽ ബെന്നി എന്ന യുവാവിനെ മല്ലപ്പള്ളിയിലുള്ള സ്വകാര്യ കമ്പനിയിൽ ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ റോഡിൽ തെരുവുനായ്ക്കൾ ആക്രമിച്ചു. ശാരീരിക ന്യൂനതയുള്ള ബെന്നി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയെന്ന ക്ലാസ് നടത്തിപരിശീലനം നൽകുകയും ഇതിന് പഞ്ചായത്തിൽ തുക അനുവദിക്കുകയും പിന്നിട് ഇതിനുള്ള അടിസ്ഥന സൗകര്യം ഇല്ലാത്തതിന്റെ പേരിൽ തെരുവ് നായ്ക്കളെ പിടികൂടുന്ന പദ്ധതി നിർത്തിവയ്ക്കുകയുമായിരുന്നു.