തെരുവുനായകളെക്കൊണ്ട് വഴി നടക്കാന് വയ്യാതിരുന്ന പട്ടിമറ്റം ടൗണ് ഇന്ന് നായ്ക്കളുടെ അഭാവത്തില് ശൂന്യമാണ്.
ഇരുപതിലധികം നായ്ക്കളാണ് ഇവിടെ ചുറ്റിത്തിരിയാറുണ്ടായിരുന്നത്. എന്നാല് ഒന്നിനെ പോലും ഇപ്പോള് കാണാന് കിട്ടില്ല.
പ്രദേശത്തിലെ പലയിടങ്ങളിലും പട്ടിയെ പിടിക്കാനുള്ള കുടുക്കുകള് കൂടി കണ്ടെത്തിയതോടെ പട്ടിപിടുത്തക്കാര് കൂട്ടത്തോടെ ഇവയെ പിടികൂടി അട്ടിറച്ചിയാക്കിയതാവാമെന്ന സംശയമാണ് ഉയരുന്നത്.
പട്ടിയിറച്ചിയും ആട്ടിറച്ചിയും തമ്മില് അത്ര പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്നതും സംശയം ബലപ്പെടുത്തുന്നു.
സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയായ അനിമല് ലീഗല് ഫോഴ്സ് കുന്നത്തുനാട് പോലീസില് പരാതി നല്കി.
കുന്നത്തുനാട് പൊലീസ് സ്റ്റേഷനില് പിടിച്ചെടുത്തിരിക്കുന്ന വാഹനങ്ങള് സൂക്ഷിച്ചിരിക്കുന്ന ഗ്രൗണ്ടില് പ്രസവിച്ചുണ്ടായ കുഞ്ഞുങ്ങളടക്കമുള്ള നായ്ക്കളെയാണ് കാണാതായത്.
കോട്ടായില് കുടുംബ ക്ഷേത്രത്തിന് പിന്നിലെ റബ്ബര് തോട്ടത്തില് നിന്ന് മൂവാറ്റുപുഴ റോഡില് തുടങ്ങുന്ന സൊസൈറ്റി റോഡിലേക്ക് കടക്കുന്ന വഴിയില് പ്ളാസ്റ്റിക് കയര് കൊണ്ടുണ്ടാക്കിയ പട്ടിയെ പിടിക്കുന്ന നിരവധി കുടുക്കുകള് കെണി വച്ച നിലയില് കണ്ടെത്തിയത്. സംഭവത്തിന് പിന്നില് ആരെന്ന് കണ്ടെത്താനായിട്ടില്ല.
ജില്ലയിലെ ചില മേഖലകളില് ആട്ടിറച്ചിയെന്ന പേരില് പട്ടിയിറച്ചി വില്ക്കുന്നുവെന്ന ആരോപണം നിലനില്ക്കുന്നുണ്ട്.
വിഷയത്തില് കുന്നത്തുനാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തില് സംഭവം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പട്ടിമറ്റം, കിഴക്കമ്പലം മേഖലയില് വ്യാപകമായി നാഗാലാന്ഡ് സ്വദേശികള് താമസിക്കുന്നുണ്ട്.
ഇവര് പട്ടിയിറച്ചി ഉപയോഗിക്കുന്നവരാണ്. ഇവര്ക്ക് വേണ്ടി കശാപ്പ് ചെയ്തതാണോയെന്നും അന്വേഷിക്കുന്നുണ്ട്. എന്തായാലും ഇപ്പോള് ഇവിടെ തെരുവുനായ്ക്കളില്ലെന്നത് ഒരു യാഥാര്ഥ്യമാണ്.