“മെറ്റീരിയൽസ് ‘ ഉണ്ടോ സഖാവേ, റോഡിലെ വിളക്കുകൾ കത്തിക്കാൻ..! തെരുവു വിളക്കുകൾ കത്തുന്നില്ല; ഇരുട്ടിനെ പേടിച്ച് നാട്ടുകാർ; പരാതി നൽകിയിട്ടും നടപടിയില്ല
ചാലക്കുടി: മാർക്കറ്റ് റോഡ് ഇരുട്ടിൽ. മാർക്കറ്റ് റോഡിൽ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ യാതൊന്നും കത്തുന്നില്ല.
ഏതാനും ആഴ്ചകളായി മാർക്കറ്റ് റോഡ് ഇരുട്ടിലാണ്. ചാലക്കുടിയുടെ വിവിധ പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. നാട്ടുകാർ നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
തെരുവുവിളക്കുകൾ കത്തിക്കുന്നതിന് ആവശ്യമായ മെറ്റീരിയൽസ് ഇല്ലെന്ന കാരണം പറഞ്ഞാണ് തെരുവുവിളക്കുകൾ കത്തിക്കാത്തത്. വളരെ നാളുകളായി നഗരസഭ പറഞ്ഞുകൊണ്ടിരിക്കുന്ന കാരണവും ഇതുതന്നെയാണ്. തെരുവുവിളക്കുകൾ കത്തിക്കാൻ കാരാർ നൽകിയിട്ടുണ്ടെങ്കിലും മെറ്റീരിയൽസ് ഇല്ലാത്തതിനാൽ കരാറുകാരനും കൈമലർത്തുകയാണ്.
മാർക്കറ്റിൽ ബിവറേജ് കോർപറേഷന്റെ മദ്യവിൽപ്പന കേന്ദ്രം തുറന്നതോടെ മാർക്കറ്റ് റോഡിൽ മദ്യപൻമാരുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരരംഗമായി മാറിയിരിക്കുകയാണ്. വിശുദ്ധവാരത്തിൽ പള്ളിയിലേക്ക് പോകാൻ മാർക്കറ്റ് റോഡിലൂടെ വരുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഈസ്റ്റർ ദിനത്തിൽ പാതിരകുർബാനയ്ക്ക് മാർക്കറ്റ് റോഡിലൂടെ പോകുവാൻ ജനങ്ങൾ ഭയപ്പെടുകയാണ്.