എലിക്കുളം: വഴിവിളക്ക് തെളിക്കാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിന്റെ ഒറ്റയാൾ പ്രതിഷേധം. എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടാണ് ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധിച്ചത്.
പുനലൂർ-മൂവാറ്റുപുഴ റോഡ് സംസ്ഥാനപാതയായി നവീകരിച്ചപ്പോൾ റോഡിന് ഇരുവശവുമായി നാനൂറിലധികം വഴിവിളക്കുകളാണ് സ്ഥാപിച്ചത്.
എന്നാൽ, ഇപ്പോൾ രണ്ടുവർഷത്തിലേറെയായി ഒരെണ്ണം പോലും തെളിയുന്നില്ല. വാഹനങ്ങളിടിച്ച് കേടായ വിളക്കുകൾക്കെല്ലാം അമ്പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ വാഹനഉടമകളിൽനിന്ന് സർക്കാരിലേക്ക് നഷ്ടപരിഹാരം ഈടാക്കിയെങ്കിലും ഒന്നുപോലും പുനഃസ്ഥാപിച്ചില്ല.
ഒടിഞ്ഞ് വഴിയിൽ വീണുകിടന്ന തൂണുകളിൽനിന്ന് ബാറ്ററികൾ മോഷണം പോവുകയും ചെയ്തു. ബാറ്ററിയുടെയും പാനലിന്റെയും തകരാർ മൂലം ബാക്കി വഴിവിളക്കുകളും പ്രവർത്തനരഹിതമായതോടെ നിരവധി ബാറ്ററികൾ മോഷ്ടിക്കപ്പെട്ടു. ഏതാനും സംഘങ്ങളെ പോലീസ് പിടികൂടുകയും ചെയ്തു.
നാട്ടുകാരും തദ്ദേശസ്ഥാപനങ്ങളും നിരന്തരം പരാതി നൽകിയിട്ടും വഴിവിളക്കുകൾ നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ല. കെൽട്രോൺ, അനർട്ട് തുടങ്ങിയ ഏതെങ്കിലും ഏജൻസിക്ക് പരിപാലന ചുമതല നൽകുന്ന കാര്യം ആലോചിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് പ്രതിഷേധവുമായി പഞ്ചായത്തംഗം രംഗത്തെത്തിയത്.