കൊല്ലം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തെരുവ് മാജിക് കലാകാരന്മാരുടെ ദേശീയ കാർണിവൽ കൊല്ലത്ത് സംഘടിപ്പിക്കുന്നു. ആശ്രാമം മൈതാനിയിൽ 21മുതൽ 31വരെയാണ് കാർണിവൽ.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, പോളിഗൺ ഐ മീഡിയ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടത്തുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള തെരുവോര മാജിക് അന്യംനിന്നുപോകുന്നതിന്റെ അടിസ്ഥാനത്തിൽ ഈ കലാരൂപത്തിന്റെ പുരുജ്ജീവനമാണ് കാർണിവൽ കൊണ്ടുദ്ദേശിക്കുന്നത്.
പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിലെ മാജിക് കലാകാരന്മാർ അവരുടെ പ്രകടനങ്ങൾ എല്ലാദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി പത്തുവരെ അവതരിപ്പിക്കും. ഓരോ മണിക്കൂർ ഇടവേളകളിൽ കലാകാരന്മാരുടെ മെഗാ മാജിക് പ്രകടനങ്ങളും ഉണ്ടാകും.ഇതുകൂടാതെ എല്ലാ ദിവസവും വൈകുന്നേരം വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ പ്രത്യേകം തയാറാക്കിയ വേദിയിൽ കലാപ്രകടനങ്ങളും അവതരിപ്പിക്കും.
കേരള ലളിതകലാ അക്കാഡമി അവാർഡ് ജേതാവും തെരുവ് മാജിക് കലാകാരനുമായ ഷംസുദീൻ ചെർപ്പുളശേരിയാണ് കാർണിവലിന്റെ ക്യൂറേറ്റർ.ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കാലാകാരന്മാർ രൂപകൽപ്പന ചെയ്യുന്ന മാജിക് സ്ട്രീറ്റ് കൊല്ലത്തിന് പ്രത്യേക അനുഭവമാകുമെന്ന് ഡൽഹി സ്കൂൾ ഒഫ് മാജിക് ഡയറക്ടർ രാജ്കുമാർ, മജീഷ്യൻ അശ്വിൻ പരവൂർ, പോളിഗൺ ഐ മീഡിയ ഡയറക്ടർ ഡി.സജീവ്, മീഡിയ ഫോക്സ് പ്രതിനിധികളായ ഹരി, സൈറ എന്നിവർ പറഞ്ഞു.
കാർണിവലിന്റെ ഭാഗമായി പ്രമുഖ ബ്രാന്റുകൾ അണിനിരക്കുന്ന എഴുപതോളം വിപണന സ്റ്റാളുകളും ഉണ്ടാകും. മാജിക് കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളും കാർണിവലിന്റെ ഭാഗമായി ക്രമീകരിക്കും.ഏഴ് ലക്ഷത്തിലധികം കുട്ടികൾ ഉൾപ്പെടെ പത്തുലക്ഷം ആൾക്കാർ കാർണിവൽ വീക്ഷിക്കാൻ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഡിസംബർ ആദ്യവാരം കൊല്ലം ജില്ലയിലെ കുട്ടികളെ പങ്കെടുപ്പിച്ച് അഖിലകേരള ചിത്രരചനാ മത്സരവും സംഘടിപ്പിക്കും.കാർണിവലിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും മാജിക് കലാകാരന്മാർ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. 21ന് ആശ്രാമം മൈതാനിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ, മജീഷ്യന്മാരായ ഗോപിനാഥ് മുതുകാട്, സാമ്രാജ് തുടങ്ങിയവർ പങ്കെടുക്കും.