വിഴിഞ്ഞം: നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരെ തെരുവ് നായ്ക്കൾ കടിച്ചു കീറിയ സംഭവത്തിൽ വിഴിഞ്ഞം കടയ്ക്കുളത്ത് പ്രതിഷേധം. മത്സ്യത്തൊ ഴി ലാ ളി ക ൾ തിങ്ങിപ്പാർക്കുന്ന മേഖല ഭീതിയുടെ നിഴലിലായി.മീൻ പിടിത്തം പോലും ഉപേക്ഷിച്ച് പലരും ഇന്നലെ രാത്രി പുറത്തിറങ്ങിയില്ലെന്നും നാട്ടുകാർ പറയുന്നു.
നായ്ക്കളുടെ ആക്രമത്തിൽ പരിക്കേറ്റ രണ്ട് പേർ ഒഴികെ എല്ലാവരും ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയതായി വാർഡ് കൗൺസിലർ അറിയിച്ചു.
നഗരസഭ അധികൃതർ ഇന്ന് മുതൽ വന്ധ്യം കരണത്തിനായി പട്ടികളെ പിടികൂടിത്തുടങ്ങും. ഇന്നലെ വൈകുന്നേരമെത്തിയ പട്ടിപിടിത്തക്കാർ കുറച്ച് എണ്ണത്തെ പിടികൂടിയെങ്കിലും രാത്രിയോടെ നിർത്തിവച്ച് മടങ്ങിയതും പ്രതിഷേധത്തിനിടയാക്കി. ജനപ്രതിനിധികൾ ഇടപെട്ട് ഇന്നോടെ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് ജനം ശാന്തമായത്.
നേരത്തെയും മേഖലയിൽ പട്ടികൾ ആൾക്കാരെ കടിച്ചിരുന്നെങ്കിലും ഇത്രയും കൂട്ടമായ ആക്രമണമാണ് ഒരു പ്രദേശത്തെ പേടിയുടെ മുൾമുനയിൽ നിർത്തിയത്. മാസങ്ങൾക്ക് മുൻപ് പുല്ലുവിളക്കടപ്പുറത്ത് നായ്ക്കളുടെ കടിയേറ്റ് രണ്ട് പേർ മരിച്ചിരുന്നു.
ഇന്നലെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒന്നര വയസുകാരനെ വീടിനുള്ളിൽ കയറി തെരുവ് നായ കടിച്ചു കീറി. റോഡിലൂടെ നടന്നു പോയ കുട്ടികൾ ഉൾപ്പെടെ ആറുപേരെ ഒറ്റ ദിവസം കടിച്ച് നായ ജനത്തെ ഭീതിയിലാഴ്ത്തി . കടയ്കുളം കോളനിയിൽ അനിതയുടെ മകൻ ജുവാൻ (ഒന്നര), സമീപവാസികളായ പനിയടി മയുടെയും റിജിയുടെയും മകൾ റിമി (അഞ്ച്), റാണി (34), ഷൈജയുടെയും ബെന്നിയുടെയും മകൻ ഡെൻസിയാഗോ (അഞ്ച്) , വിൻസെന്റ് (35) മകൻ ജീവൻ (നാല്) എന്നിവർക്കാണ് കടിയേറ്റത്.
ഇന്നലെ രാവിലെ പത്തരയോടെ വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ജുവാനെ പാഞ്ഞെത്തിയ തെരുവു നായ കടിച്ചു കുടയുകയായിരുന്നു. ഹാളിൽ ഇരിക്കുകയായിരുന്ന കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ അടുക്കളയിൽ നിന്ന് ഓടിയെത്തുന്പോൾ നായ കുഞ്ഞിനെ കടിച്ചുകീറുകയായിരുന്നു. ബഹളംവച്ച അമ്മ അനിതയ്ക്കുനേരെ നായ തിരിഞ്ഞു. ജുവാനെ രക്ഷപ്പെടുത്തി വീടിനുപുറത്തേക്ക് ഓടിയ അനിതയുടെ പിന്നാലെ എത്തിയ നായ കുടുതൽ ആൾക്കാർ വന്നതോടെ ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജുവാനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും അവിടെ നിന്ന് എസ്എടിയിലേക്കും മാറ്റി.
ഇവിടെത്തന്നെ രാവിലെ ഏഴരയോടെ തൊട്ടടുത്ത കടയിലേക്ക് നടന്നു പോവുകയായിരുന്ന വിൻസെന്റിനെയും മകൻ ജീവനെയും നായകൾ വെറുതെ വിട്ടില്ല. തുടയിലെ മാംസം നഷ്ടപ്പെട്ട വിൻസെന്റിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും കൈക്കും കാലിനും പരിക്കേറ്റ ജീവനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ സ്കൂൾ ബസിൽ കയറാൻ ബാഗുമായി മാതാവിനോടൊപ്പം നടന്നു പോവുകയായിരുന്ന ഡെൻസിയാഗോയുടെ വയറിലാണ് നായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെത്തന്നെ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന റാണിയുടെ കാലിനും കൈയ്ക്കും നായയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. സഹോദരിയോടൊപ്പം കടയിലേക്ക് നടന്നു പോവുകയായിരുന്ന റിമിയെ പിന്നിൽ നിന്നെത്തിയ തെരുവ് നായ ആക്രമിക്കുകയായിരുന്നു .നിലവിളി കേട്ടെത്തിയ നാട്ടുകാർ പട്ടിയെ ഓടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.