കറുകച്ചാൽ: ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഭീക്ഷണിയാകുകയാണ് തെരുവുനായ ശല്യം. നായകളെ ഭയന്ന് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു.
കറുകച്ചാൽ ടൗൺ, എൻ എൻഎസ് ജംഗ്ഷൻ, വെട്ടിക്കാവുങ്കൽ , മാന്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കൂട്ടം ചേർന്ന് സഞ്ചരിക്കുന്നതും യാത്രക്കാരെ ആക്രമിക്കാൻ കുരച്ചു ചാടുന്നതും പതിവുകാഴ്ചയാണ്.
അണിയറപ്പടിക്കു സമീപം ഒരാഴ്ച മുൻപ് നായയെ ഇടിക്കാതെ വെട്ടിച്ചുമാറ്റിയ സ്കൂട്ടർ മറിഞ്ഞ് യുവാവിനു പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ കറുകച്ചാലിൽ എത്തിച്ച പത്രക്കെട്ടുകൾ തെരുവുനായകൾ കടിച്ചുകീറി നശിപ്പിച്ചു.
രാത്രി സമയങ്ങളിൽ വാഴൂർ റോഡിലും ബസ് സ്റ്റാൻഡിലും മണിമല റോഡിലും തെരുവുനായകളുടെ കൂട്ടമാണ്. വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽസ്റ്റേഷന് സമീപം എപ്പോഴും നായകളുടെ കൂട്ടങ്ങൾ കാണാം. തെരുവുനായകൾക്കു കോഴി മാലിന്യം നൽകുന്നതാണ് ഇവയുടെ ശല്യം വർധിക്കാൻ കാരണമെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.