ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. അക്രമകാരികളായ നായ്ക്കളുടെ വിളയാട്ടം നഗരവാസികള്ക്കും കാല്നടയാത്രക്കാര്ക്കും ഇരുചക്രവാഹന സഞ്ചാരികള്ക്കും കടുത്തഭീഷണിയാകുന്നു. നഗരത്തിലെ മാര്ക്കറ്റുകള്, വണ്ടിപ്പേട്ട, കുരിശുംമൂട്, പാറേല് പള്ളി, ഫാത്തിമാപുരം ഉൾപ്പെടയുള്ള പ്രദേശങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.
അനധികൃതമായി പ്രവര്ത്തിക്കുന്ന ഇറച്ചിക്കടകളുടെ പരിസരങ്ങള് കേന്ദ്രീകരിച്ചാണ് തെരുവുനായ്ക്കള് വിഹരിക്കുന്നത്. തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനുള്ള എബിസി പ്രോഗ്രാം നടപടികള് നിലച്ചതോടെയാണ് ഇവയുടെ എണ്ണം ക്രമാതീതമായി വര്ധിച്ചത്. അസംപ്ഷന്, എസ്ബി കോളജുകളിലേക്കു വിദ്യാര്ഥികള് കാല്നടയായി സഞ്ചരിക്കുന്ന പി.പി ജോസ് റോഡില് അലഞ്ഞുതിരിയുന്ന നായക്കൂട്ടങ്ങള് വലിയ ഭീഷണിയാണ്.
ളായിക്കാട്-പാലാത്രച്ചിറ-ചങ്ങനാശേരി ബൈപാസിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തൃക്കൊടിത്താനം പഞ്ചായത്തിലെ പുലിക്കേട്ടുപടി, കുന്നുംപുറം, അമര, ചാഞ്ഞോടി, മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണ, മാമ്മൂട്, വെങ്കോട്ട പായിപ്പാട് പഞ്ചായത്തിലെ പായിപ്പാട്, നാലുകോടി കവലകള് തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിന് അടിയന്തിരനടപടികള് സ്വീകരിക്കണമെന്ന് എന്സിപി നിയോജക മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബ് ഉദ്ഘാടനം ചെയ്തു.