കൊയിലാണ്ടി: കാപ്പാട് തീരത്തെത്തുന്ന സഞ്ചാരികൾ സവാരി നടത്തിയ കുതിരയ്ക്ക് പേയിളകി. 15 ദിവസങ്ങൾക്കുമുമ്പ് പേപ്പട്ടി കുതിരയെയും പശു ഉൾപ്പെടെയുള്ള മറ്റു മൃഗങ്ങളെയും കടിച്ചിരുന്നു. കുതിരയ്ക്ക് അഞ്ചുതവണ പ്രതിരോധ കുത്തിവയ്പ് നടത്തി.
തുടർന്ന് കുതിരയ്ക്ക് ക്ഷീണം അനുഭവപ്പെടുകയും നടത്തിയ പ്രാഥമിക പരിശോധനയില്‍ പേവിഷബാധയെന്ന സംശയം ഉയരുകയായിരുന്നു.
കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിര സവാരി നടത്തിയവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് സീനിയർ വെറ്ററിനറി സർജൻ മുന്നറിയിപ്പ് നൽകി. പേപ്പട്ടി കടിച്ചതിനാൽ കുതിരസവാരി നടത്താൻ പാടില്ലെന്ന് ചേമഞ്ചേരി പഞ്ചായത്തും പോലീസും ഉടമയോട് നിർദേശിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഓണം അവധിക്കാലത്ത് ഈ കുതിരയെ ഉപയോഗിച്ച് സവാരി നടത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ ഒട്ടേറെപ്പേർ കുതിരപ്പുറത്ത് കയറിയതായാണ് വിവരം.