അടൂര്‍: പട്ടാപകല്‍ തെരുവുനായ്ക്കളും കാട്ടുപന്നിയും ആക്രമണ മനോഭാവവുമായി റോഡിലിറങ്ങുന്നതുമൂലം സ്കൂള്‍ കുട്ടികള്‍ അടക്കം വലയുന്നു. ട്യൂഷനു പോകാനും സ്കൂളില്‍ പോകാനുമൊക്കെയായി രാവിലെയും വൈകുന്നേരവും റോഡിലൂടെ വരുന്ന കുട്ടികള്‍ക്കു നേരേയാണ് ഇവയുടെ ആക്രമണം ഏറെയും. കഴിഞ്ഞ ദിവസം പന്നിവിഴയില്‍ സൈക്കിളില്‍ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പന്നി ആക്രമിച്ചിരുന്നു.
ഇന്നലെ മണ്ണടിയില്‍ തെരുവുനായ നാലുപേരെയാണ് കടിച്ചത്. കുട്ടികളെ സ്കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരുന്നതിനിടെ വീട്ടമ്മയ്ക്കും നായയുടെ കടിയേറ്റു. കുട്ടികള്‍ രക്ഷപ്പെട്ടു. മണ്ണടി കുറ്റിയില്‍ വീട്ടില്‍ ഗീത (51), കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ ശാമില (38), ചക്കാല കിഴക്കേതില്‍ അനീഷ (30), കുറുമ്പോലില്‍ വീട്ടില്‍ അനൂപ് (44) എന്നിവരെ അടൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് നായയുടെ ആക്രമണം ഉണ്ടായത്.
മണ്ണടി വേലുത്തമ്പി ദളവ ജംഗ്ഷന് സമീപം നില്‍ക്കുകയായിരുന്ന ഹരിത കര്‍മസേനാംഗമായ ഗീതയെയാണ് ആദ്യം നായ ആക്രമിച്ചത്. ഇവരുടെ ഇടതുകാലിനാണ് കടിയേറ്റത്. തുടര്‍ന്ന് പുതൂട്ട് മുക്കില്‍ സ്കൂളില്‍ പോയ കുട്ടിയെ വിളിക്കാന്‍ എത്തിയ അനീഷയെ ആക്രമിച്ചു.
ഇവരുടെ ഇടതു കൈത്തണ്ടയില്‍ കടിച്ച നായയെ കൈയിരുന്ന ഷാളുപയോഗിച്ച് ചുറ്റിയതോടെ ഇത് കുതറിയോടി രക്ഷപ്പെട്ടു. തൊട്ടടുത്ത് തയ്യല്‍ തൊഴിലാളിയായ അനൂപിനെ ബൈക്കില്‍ നിന്ന് ഇറങ്ങുമ്പോഴാണ് നായ ആക്രമിച്ചത്. ഇയാളുടെ വലതുകാലില്‍ ആഴത്തില്‍ മുറിവേറ്റു.
തൊഴിലുറപ്പ് തൊഴിലാളിയായ ശാമിലയെ മേമനപ്പടിയില് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആക്രമിച്ചത്. ഇവരുടെ ഇടതു കൈയ്ക്കും ഇടതു കാലിനും കടിയേറ്റു. പട്ടിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. ഇതിനു പേ വിഷബാധ സംശയിക്കുന്നുണ്ട്. സ്രവം പരിശോധനയ്ക്കെടുത്തിട്ടുണ്ട്.