ഹരിപ്പാട്: വന്ധ്യംകരണത്തിന് കൊണ്ടുപോയ ശേഷം തിരികെവിട്ട നായ പ്രസവിച്ചത് ജനങ്ങളില്‍ ഭീതിപരത്തുന്നു.
ഹരിപ്പാട് പട്ടണത്തിലും സമീപപ്രദേശങ്ങളിലും അലഞ്ഞുനടക്കുന്ന നായ്ക്കൂട്ടത്തില്‍ നായ്കുട്ടികളും ഉണ്ടെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
തെരുവുനായ ശല്യം രൂക്ഷമാകുന്നതോടെ നായ്ക്കളെ പിടികൂടി കൊണ്ടുപോകുകയുംവന്ധ്യംകരണത്തിനുശേഷം തിരികെ പിടിച്ചസ്ഥലത്തുതന്നെ കൊണ്ടുവിടുകയുമാണ് പതിവ്.
ഫലപ്രദമായ രീതിയില്‍ വന്ധ്യംകരണം നടത്താന്‍ കഴിഞ്ഞില്ലെന്നതാണ് വന്ധ്യംകരണത്തിനു ശേഷം നായ്പ്രസവിച്ച സംഭവം വിരൽ ചൂണ്ടുന്നത്.
നായ്കടിച്ചുകീറി ഒരുവൃദ്ധയെ കൊന്നതും നായ് കുറുകെ ചാടി സ്കൂട്ടര്‍ യാത്രികന് മരിച്ചതും നിരവധി ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റ സംഭവങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്.
വീടുകളില്‍നിന്നു പടിയിറങ്ങുന്ന നായ്ക്കള്‍ ഭക്ഷണത്തിനായി നന്നേ ബുദ്ധിമുട്ടുന്നതായി മൃഗസംരക്ഷണ വകുപ്പു തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും ഭക്ഷണംനല്‍കി ഇവറ്റകളെ സംരക്ഷിക്കാന്‍ വകുപ്പോ തദ്ദേശസ്ഥാപനങ്ങളോ തയാറാകുന്നില്ലെന്നതാണ് വസ്തുത.
തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് പെറ്റു പെരുകി നാൾക്കുനാൾ ഇവയുടെ എണ്ണം കൂടി വരുന്നു. രാവും പകലുമില്ലാതെ പലയിടങ്ങളിലും നായ്ക്കൾ വിഹരിക്കുന്നു.
പല തെരുവുകളും രാത്രി പൂർണമായും നായ്ക്കൾ കീഴടക്കുകയാണ്.
കടിയേറ്റവർക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതിനു മാത്രമായി പ്രതിവർഷം ഇരുപത് കോടിയോളം രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എബിസി പദ്ധതി നടപ്പാക്കാന്‍ ജില്ലാപഞ്ചായത്തുകള്‍ തയാറെടുപ്പുകള്നടത്തണമെന്നും കുടുംബശ്രീകള്‍ക്ക് വേണ്ടത്ര പരിശീലനം നല്കി തെരുവു നായ്ക്കളെ സംരക്ഷിക്കാന്‍ നടപടിസ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.