കൊല്ലം: നഗരസഭയുടെ തെരുവ് വിളക്ക് പരിപാലന പ്രശ്നത്തിന് ശാശ്വതപരിഹാരമാകുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭാപരിധിയിലെ തെരുവ് വിളക്കുകളെല്ലാം എൽഇഡിയാക്കി മാറ്റുന്ന പദ്ധതിക്കാണ് കളമൊരുങ്ങുന്നത്.
ഇത് സംബന്ധിച്ച് എനർജി മാനേജ്മെന്റ് കമ്മിറ്റിയുടെയും കരാർ ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടുള്ള ഏജൻസികളുടെയും കോർപ്പറേഷൻ അധികൃതരുടെയും യോഗം തിങ്കളാഴ്ച ചേരുമെന്ന് മേയർ വി. രാജേന്ദ്രബാബു കൗണ്‍സിൽ യോഗത്തിൽ അറിയിച്ചു.
കരാർ നടപ്പാക്കുന്നതുവരെ തെരുവ് വിളക്ക് പരിപാലനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ താൽക്കാലികമായി നാല് ലക്ഷം രൂപയുടെ ട്യൂബുകളും മറ്റും പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്കിലെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് മുഖേന വാങ്ങും. നഗരസഭ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ചിന്ത എൽ സജിത്തും അറിയിച്ചു.
തെരുവ് വിളക്ക് പരിപാലനം കാര്യക്ഷമമല്ലെന്ന പരാതി കൗണ്‍സിലിൽ ഉയർത്തിയത് കോണ്‍ഗ്രസ് അംഗം എ കെ ഹഫീസും സിപിഎമ്മിലെ എസ് രാജ്മോഹനുമാണ്. പരാതികൾ വ്യാപകമായതിനാൽ വിവാഹം പോലെയുള്ള സ്വകാര്യ ചടങ്ങുകൾക്ക് പോലും പോകാൻ കഴിയുന്നില്ലെന്ന് രാജ്മോഹൻ പറഞ്ഞു.
ആശ്രാമം നാലുവരിപാതയിലെ ഓടകളിലൂടെ നഗരത്തിലെ മിക്ക ആശുപത്രികളും മാലിന്യങ്ങൾ അഷ്ടമുടിക്കായലിലേയ്ക്ക് ഒഴുക്കി വിടുന്നതായി സിപിഐ അംഗം ഹണി ബഞ്ചമിൻ ചൂണ്ടിക്കാട്ടി. ഇതുമൂലം പുള്ളിക്കട നിവാസികളാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്.
മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നവർക്ക് ശിക്ഷ ഉറപ്പാക്കണം. പല റസിഡന്റ്സ് അസോസിയേഷനുകളും പൊതുസ്ഥലങ്ങളിൽ സിസിടിവി കാമറ ഘടിപ്പിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയിൽ ഒരു ഭാഗം റസിഡന്റ്സ് അസോസിയേഷനുകൾക്ക് നൽകിയാൽ കാമറ ഘടിപ്പിക്കുന്നതിനാവശ്യമായ സാന്പത്തികഭാരത്തിൽ നിന്ന് അവരെ മുക്തമാക്കാൻ കഴിയുമെന്നും അംഗം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഏഴ് നഗരങ്ങളിൽ കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് മേയർ അറിയിച്ചു. കടപ്പാക്കടയിലെ വി ഗംഗാധരൻ സ്മാരക പാർക്കിന് ശാപമോക്ഷം നൽകണമെന്ന് ഡിവിഷൻ അംഗം എൻ മോഹനൻ ആവശ്യപ്പെട്ടു. അവിടം ഇപ്പോൾ പശുക്കൾക്കുള്ള ആലയമായി മാറിയിരിക്കുകയാണെന്നും സിപിഐ അംഗം ചൂണ്ടിക്കാട്ടി.
ആൽത്തറമൂട്-കല്ലുംതാഴം ബൈപാസ് പൂർത്തീകരണത്തോട് അടുക്കുന്പോൾ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കാണാതെ പോവുകയാണെന്ന് അംഗങ്ങൾ അക്ഷേപമുന്നയിച്ചു. സർവീസ് റോഡ് പൂർത്തീകരിച്ചില്ലെങ്കിൽ പ്രദേശവാസികൾക്ക് ബൈപാസിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് സ്ഥിരംസമിതി അധ്യക്ഷനും കടവൂർ ഡിവിഷൻ കൗണ്‍സിലറുമായ ടി ആർ സന്തോഷ്കുമാർ പരാതിപ്പെട്ടു.
ബൈപാസിനുവേണ്ടി വയലുകളും മറ്റും നികത്തിയതോടെ പ്രകൃതിദത്ത നീരൊഴുക്ക് തടസപ്പെട്ടതായി നീരാവിൽ ഡിവിഷൻ കൗണ്‍സിലർ ബി അനിൽകുമാർ പറഞ്ഞു. മങ്ങാട്, കല്ലുംതാഴം മേഖലയിലെ ഓടകൾ പൂർണമായും അടഞ്ഞതിനാൽ ബൈപാസിനു സമീപമുള്ള വീടുകൾ പലതും മഴ പെയ്യുന്നതോടെ വെള്ളത്തിനടിയിലായതായി ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ചൂണ്ടിക്കാട്ടി.