തളിപ്പറമ്പ് : സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃപിതാവും ഭർതൃമാതാവും ശരീരികവും മാനസികവുമായി പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയിൽ തളിപ്പറന്പ് പോലീസ് കേസെടുത്തു.
കൂവേരി സ്വദേശിനിയായ 25 കാരിയുടെ പരാതിയിൽ പുഷ്പഗിരി സ്വദേശിയായ ഭർത്താവിനെതിരേയും മാതാപിതാക്കൾക്കെതിരേയുമാണ് പോലീസ് കേസെടുത്തത്.
2015ലാണ് യുവതിയും പുഷ്പഗിരി സ്വദേശിയായ യുവാവും തമ്മിൽ വിവാഹിതരാകുന്നത്.
44 പവൻ സ്വർണാഭരണവും 3,00,000 രൂപയും വിവാഹസമയത്ത് നൽകിയതായി പറയുന്നു.
വിവാഹത്തിന്റെ തലേദിവസം ഭർത്താവിന്റെ അച്ഛനാണ് പണം വാങ്ങിയതെന്നും പറയുന്നു.
വിവാഹശേഷം 40 ദിവസം കഴിഞ്ഞ് യുവാവ് ജോലിക്കായി വിദേശത്ത് പോകുകയും ചെയ്തു.
അതിനിടെ യുവതി ഗർഭിണിയാകുകയും പിന്നീട് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
വസ്തു വാങ്ങാനെന്നു പറഞ്ഞ് യുവതിയുടെ 38 പവൻ സ്വർണാഭരണങ്ങൾ ഭർത്താവിന്റെ അമ്മ കൈക്കലാക്കയെന്നും തുടർന്ന് ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനം പോരെന്നു പറഞ്ഞ് മർദിക്കുകയും ആക്ഷേപിക്കുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഭർത്താവ് വിദേശത്തുനിന്ന് വരുന്നതുപോലും തന്നിൽനിന്നു മറച്ചുവയ്ക്കുകയും 2016 മുതൽ ഭർത്താവ് തന്റെയും കുഞ്ഞിന്റെയും കാര്യം നോക്കുന്നില്ലെന്നും ഭർതൃവീട്ടിൽ പോകുമ്പോഴെല്ലാം മർദിച്ചെന്നുമാണ് പരാതി.