കോൽക്കത്ത: ഡൽഹിയിലെ ഷഹീൻ ബാഗിലും കോൽക്കത്തയിലെ പാർക്ക് സർക്കാസിലും നടക്കുന്ന പൗരത്വ നിയമഭേദഗതി സമരത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്.
നിരക്ഷരരായ സ്ത്രീകളാണ് ഇവിടെയെല്ലാം സമരത്തിനിരിക്കുന്നത്. എല്ലാ ദിവസവും അവർക്ക് ബിരിയാണിയും വിദേശ പണവും കിട്ടും. കുഞ്ഞു കുട്ടികളെയുമായി തെരുവിൽ കുത്തിയിരിക്കുന്നത് അതിനുവേണ്ടിയാണെന്നും ഘോഷ് പറഞ്ഞു.
പാർട്ടി നേതാക്കളുടെ വഴിവിട്ട പ്രസ്താവനകൾ ഡൽഹിയിൽ ബിജെപിക്ക് തിരിച്ചടിയായെന്ന ആഭ്യന്തമന്ത്രി അമിത് ഷായുടെ പ്രസ്താവന വന്ന അധികം കഴിയും മുന്‍പാണ് വീണ്ടും വിവാദ പ്രസ്താവനയുമായി ദിലീപ് ഘോഷ് എത്തിയത്.
“ഡൽഹിയിലേയും കോൽക്കത്തയിലേയും സ്ഥിതി ഒന്നു തന്നെ. പി.ചിദംബരത്തേയും വൃന്ദ കാരാട്ടിനേയും പോലുള്ളവർ അവിടെ വന്ന് പ്രസംഗിക്കും. കേൾക്കാനിരിക്കുന്നത് നിരക്ഷരരായ കുറെ സ്ത്രീകളും’- ദിലീപ് ഘോഷ് പറഞ്ഞു.
ഷോഷിന്റെ പ്രസ്താവനക്കെതിരേ തൃണമുൽ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തു വന്നു. അടിത്തട്ടിൽ പ്രവർത്തിച്ച് പരിചയമില്ലാത്ത ജനസ്വാധീനമില്ലാത്ത ഘോഷിനെപ്പോലൊരു നേതാവിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.ഡി സലിം പറഞ്ഞു.