ന്യൂഡൽഹി: 40 ദിവസമായി തുടരുന്ന സമരത്തിനു നേർക്കു കണ്ണടയ്ക്കുന്ന കേന്ദ്രസർക്കാരിനെതിരേ മൂത്രംകുടിച്ച് പ്രതിഷേധവുമായി തമിഴ്നാട്ടിൽനിന്നുള്ള കർഷകർ. ജന്തർ മന്ദറിൽ സമരം നടത്തുന്ന കർഷകരാണ് മൂത്രം ശേഖരിച്ച് കുടിച്ചത്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മലം ഭക്ഷിക്കുന്നതടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് സമരനേതാക്കൾ അറിയിച്ചു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. മോശം കാലാവസ്ഥ മൂലമുണ്ടായ വ്യാപക കൃഷിനാശത്തിൽ സർവവും നശിച്ച തമിഴ്നാട്ടിലെ കർഷകർ ഒരുമാസത്തിലധികമായി ജന്തർ മന്ദറിൽ സമരം ചെയ്തുവരികയാണ്.