കൊച്ചി: മലയാള സിനിമ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുന്നു. നിലവില്‍ തീയറ്ററിലുള്ള ചിത്രങ്ങളും പിന്‍വലിക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചതോടെയാണ് മേഖല പൂര്‍ണ സ്തംഭനാവസ്ഥയിലേക്ക് എത്തുന്നത്. 125 കോടി കളക്ഷനും പിന്നിട്ട് മുന്നേറുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്, നാദിര്‍ഷ സംവിധാനം ചെയ്തു കോടികള്‍ വാരിക്കൂട്ടിയ കട്ടപ്പനയിലെ ഋത്വിക് റോഷന്, വിനീത് ശ്രീനിവാസന് നിര്‍മിച്ച ആനന്ദം, നവാഗതനായ സജിത് ജഗത്നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം തുടങ്ങിയ ചിത്രങ്ങളാണ് നിലവില്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ഈ ചിത്രങ്ങളും വിതരണക്കാര്‍ തിരിച്ചുവിളിക്കുന്നതോടെ തീയറ്ററുകള്‍ക്ക് ഷോ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. സിനിമ സമരം മൂലം ഷൂട്ടിംഗ് കൂടി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക് എത്തുകയാണ്.
ചൊവ്വാഴ്ച സിനിമാരംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലന് വിളിച്ചുകൂട്ടിയ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് കടുത്ത തീരുമാനങ്ങളുമായി വിതരണക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചു ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടന്നെങ്കിലും അന്തിമതീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
നിര്‍മാതാക്കളും തീയറ്റര്‍ ഉടമകളും തമ്മില്‍ നിലനിന്നുപോരുന്ന കളക്ഷന്‍ ഷെയറിംഗിലെ അനുപാതമാണു സിനിമാ പ്രതിസന്ധിക്കു കാരണമായിട്ടുള്ളത്. നിലവില്‍ കളക്ഷന്റെ 60 ശതമാനം നിര്‍മാതാക്കള്‍ക്കും 40 ശതമാനം തീയറ്റര്‍ ഉടമകള്‍ക്കുമാണ്. ഇത് ഏകീകരിച്ച് 50 ശതമാനമാക്കണമെന്നു തീയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുമ്പോള്‍ അത് അംഗീകരിക്കാനാകില്ലെന്നാണു നിര്‍മാതാക്കളുടെ നിലപാട്.
ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ എല്ലാവരും സഹകരിക്കണമെന്നും മേഖലയിലെ പ്രതിസന്ധി പഠിക്കാനും നിര്‍ദേശങ്ങള്‍ക്കുമായി കമ്മീഷനെ വയ്ക്കാമെന്നും മന്ത്രി പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാന്‍ സംഘടനകള്‍ തയാറായില്ല. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിലിം ചേംബേഴ്സ്, കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, കേരള ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ചെയര്മാന് ലെനിന് രാജേന്ദ്രന് എന്നിവരാണ് മന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത്.