കൊച്ചി: കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് തിയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണു സമരം. സിനിമയുടെ ചിത്രീകരണം ഉൾപ്പെടെ നിർത്തിവയ്ക്കും.
18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ ഉത്തരവ് നിലനിൽക്കെയാണ് തദ്ദേശ സ്വയംഭരണ ചട്ടം ചൂണ്ടിക്കാട്ടി സർക്കാർ പുതിയ ഉത്തരവിറക്കിയത്. ജിഎസ്ടിയും സർവീസ് ചാർജും സെസുമടക്കം 113 രൂപ ഉണ്ടായിരുന്ന ടിക്കറ്റിന് പുതിയ ഉത്തരവ് വന്നതോടെ 130 രൂപയായി.
സിനിമാ ടിക്കറ്റിൻ മേലുള്ള വിനോദ നികുതി പിൻവലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. സാന്പത്തിക പ്രതിസന്ധിക്കിടയിൽ നികുതിയിളവ് നൽകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.