കളമശേരി: കളമശേരി നഗരസഭയുടെ മുന്നിൽ കഴിഞ്ഞ രണ്ടാഴ്ചയായി സമരം നടത്തുന്ന എൽഡിഎഫിന്റെ സമരപന്തലിന് അജ്ഞാതർ തീയിട്ടു. നാളെ സമരം തീരാനിരിക്കെയാണ് ഈ സംഭവം. ഇതിനെ തുടർന്ന് നഗരസഭയ്ക്ക് മുന്നിൽ സംഘർഷാവസ്ഥയാണ്. സിപിഎം പ്രവർത്തകർ നഗരസഭയുടെ ഗേറ്റുകൾ പൂട്ടിയിരിക്കുകയാണ്. പന്തലിനുള്ളിലെ മൂന്നോളം ഫ്ലക്സ് ബോർഡുകൾ കത്തിപ്പോയി. ഷാമിയാനയും കത്തിയിട്ടുണ്ട്. രാത്രി രണ്ട് മണിയോടെയാണ് തീപിടിച്ചതായുള്ള സൂചന ലഭിച്ചിരിക്കുന്നത്. എന്നാൽ തൊട്ടടുത്ത ഫയർ സ്റ്റേഷനുകളിൽ ആരും വിളിച്ച് പറഞ്ഞിട്ടില്ല.
അതിനാൽ തീ കത്തിയതിനെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭ്യമല്ല. സമീപത്തെ സിസിടി വി ക്യാമറകളിൽ നിന്ന് പ്രതികളെക്കുറിച്ച് കൂടുതൽ സൂചനകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് കളമശേരി പോലീസ്. പോലീസ് സ്റ്റേഷന് ഏതാനും മീറ്റർ അകലെ മാത്രമാണ് നഗരസഭ ഓഫീസ് സ്ഥിതി ചെയ്യുന്നത്. നഗരസഭ ചെയർപേഴ്സൺ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ കവാടത്തിന് മുന്നിലാണ് സമരം പന്തൽ കെട്ടി ആരംഭിച്ചത്.
പലിശയ്ക്ക് പണം തനിക്ക് കടം നൽകിയെന്ന കോൺഗ്രസ് റിബൽ ഡീന റാഫേലിന്റെ പരാതിയിൽ ചെയർപേഴ്സണെതിരെ കേസെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. സമരം ശക്തമാകുന്നതിൽ വിറളി പൂണ്ട കോൺഗ്രസുകാരാണ് ഇതിനു പിന്നിലെന്ന എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
ചെയർപേഴ്സനെതിരെ സമരം നടക്കുന്നുണ്ടെങ്കിലും യുഡിഎഫ് കക്ഷികൾ ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല. എൽഡിഎഫിനെതിരെ യുഡിഎഫ് കൗൺസിലർ മാരാരും തന്നെ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടില്ല. കോൺഗ്രസിലെ എ,ഐ ഗ്രൂപ്പു പോരു കൊണ്ട് കുപ്രസിദ്ധമായ നഗരസഭയാണ് കളമശേരി. എ വിഭാഗക്കാരിയെ അധ്യക്ഷ സ്ഥാനത്ത് അംഗീകരിക്കാനാവില്ലെന്ന ഐ വിഭാഗത്തിന്റെ നിലപാട് വിപ്പ് നൽകിയാണ് കെപിസിസി നേതൃത്വം മാറ്റിയത്.