ദേശീയ വാഹന പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താല്‍! വാഹനങ്ങളും ആളുകളും പുറത്തിറങ്ങാത്തതിനാല്‍ കടകളും മുടക്കം; സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാതെ ആളുകളും ‘പണിമുടക്കില്‍’

മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. എന്നാല്‍ കേരളത്തില്‍ നിരത്തില്‍ നിന്ന് വാഹനങ്ങള്‍ പൂര്‍ണ്ണായും ഒഴിഞ്ഞതോടെ ഹര്‍ത്താലിന്റെ പ്രതീതിയാണുള്ളത്. വാഹനങ്ങളും ആളുകളും പുറത്തിറങ്ങാത്തതിനാല്‍ ഭൂരിഭാഗം കടകളും അടച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങളും ചുരുക്കമായേ പുറത്തിറങ്ങുന്നുള്ളൂ.

ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള തൊഴിലാളിസംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടാം തവണയാണ് ഈ ആവശ്യമുന്നയിച്ച് ദേശീയ പണിമുടക്ക് നടക്കുന്നത്. ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് വാഹനങ്ങള്‍ എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചു. കണ്ണൂര്‍, എംജി, കേരള, ആരോഗ്യ സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Related posts