പത്തനാപുരം: വേനല്‍ കടുത്തിട്ടും സബ് കനാലുകളില്‍ വെളളമെത്തിയില്ല; വേറിട്ട സമരമാര്‍ഗത്തിലൂടെ പ്രതിഷേധിച്ച് കര്‍ഷകര്‍. വേനല്‍ കഠിനമായി കാര്‍ഷികവിളകള്‍ ഉണങ്ങിക്കരിഞ്ഞിട്ടും സബ് കനാലുകള്‍ വഴി ജലവിതരണം നടത്താത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങി തുടങ്ങി.
ചൂട് ശക്തമായതോടെ കിണറുകളിലെ ജലനിരപ്പും താഴ്ന്നു. സബ് കനാലുകളില്‍ വെളളമെത്തിയാല്‍ കിണറുകളിലെ ജലനിരപ്പും ഒരു പരിധിവരെ ഉയരും.കൂടാതെ മറ്റ് ആവശ്യങ്ങള്‍ക്കായി കനാല്‍ വെളളം ഉപയോഗിക്കുകയും ചെയ്യാറുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ പകുതിയോടെ കനാലുകളില്‍ വെള്ളമെത്തിയിരുന്നു. ഇത് പ്രതീക്ഷിച്ച് കര്‍ഷകര്‍ ഇത്തവണയും കൃഷിയിറക്കുകയും ചെയ്തു .കനാല്‍ തുറക്കാത്ത കെഐപി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കനാലില്‍ കലം കമഴ്ത്തി കഞ്ഞി വെച്ച് വേറിട്ട പ്രതിഷേധത്തിനൊരുങ്ങിയത്.
കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അബ്ദുള്‍ അസീസ്,നന്ദകുമാര്‍, കറവൂര്‍ സുരേഷ് , മധുചക്കുവരയ്ക്കല്, ഡാനിയേല്‍ ഉമ്മന്‍, എ.പി ബൈജു , പി.ശിവരാമപിളള, അനസ് പടിഞ്ഞാറ്റേതില്‍ തുടങ്ങിയവര്‍ വേറിട്ട സമരത്തിന് നേതൃത്വം നല്കി.
തെന്മലയിലെ കെഐപി ആസ്ഥാനത്തേക്ക് സമരം വ്യാപിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.