പാലാ: ശന്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് നിരാഹര സമരം നടത്തിയ കെഎസ്ആർടിസി ജീവനക്കാരന്റെ സമരം പൊളിച്ചത് യൂണിയൻകാരെന്ന് ആക്ഷേപം. കെഎസ്ആർടിസി ജീവനക്കാരനും ഇടതുപക്ഷ യൂണിയൻ പ്രവർത്തകനുമായ എം.എ സൈമണാണ് ഇന്നലെ രാവിലെ 10ന് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിരാഹാര സമരം നടത്തിയത്. ഡിസംബറിലെ ശന്പളം ജനുവരി 27 ആയിട്ടും ആരുടെയും അക്കൗണ്ടിലേക്ക് എത്താതെ വന്നതോടെയാണ് സൈമണ്‍ പ്രതിഷേധ സമരത്തിലേക്ക് കടന്നത്.
ബിഎംഎസ്, ഐൻടിയുസി തുടങ്ങിയ യൂണിയനുകളുടെയും ഡ്രൈവർമാരുടെ സംഘടനകളും സമരത്തിന് ധാർമിക പിൻന്തുണ നൽകി. എന്നാൽ 12 മണിയോടെ സർക്കാർ അനുകൂല യൂണിയൻ പ്രവർത്തകരെത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നത്രേ. വിസമ്മതിച്ചപ്പോൾ അസ്റ്റു ചെയ്ത് നീക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് അക്കൗണ്ടിലേക്ക് പണം വന്നെന്നും പരിശോധിച്ചിട്ടു വേണം സമരം കിടക്കാനെന്നു പറഞ്ഞ് ജീവനക്കാരിലൊരാളുടെ മൊബൈലിലേ വ്യാജ സന്ദേശം കാണിച്ചാണ് സൈമണിന്റെ നിരാഹാര സമരം അവസാനിപ്പിച്ചതെന്നാണ് ആരോപണം.
സന്ദേശം വായിച്ച് ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി ഇദ്ദേഹത്തിന് മനസിലായത്. തുടർന്ന് വീണ്ടും സമരം ചെയ്യാനൊരുങ്ങിയ സൈമണെ ഉന്നതർ ഇടപെട്ട് സമരപരിപാടികളിൽ നിന്ന് പിൻതിരിപ്പിക്കുകയായിരുന്നത്രേ.