വൈപ്പിൻ: സൗത്ത് പുതുവൈപ്പിൽ നിർമാണം നടന്നുവരുന്ന നിർദിഷ്ട എൽപിജി സംഭരണ കേന്ദ്രത്തിനു മുന്നിൽ 16 മുതൽ അനിശ്ചിതകാല ഉപരോധം സംഘടിപ്പിക്കുമെന്നു എൽപിജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതി അറിയിച്ചു. രാവിലെ ഏഴിന് ഉപരോധം ആരംഭിക്കും.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ 2016 ആഗസ്റ്റ് രണ്ടിലെ ഉത്തരവ് അനുസരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എൻവയോൺമെന്റ് ക്ലിയറൻസിലെ ഉള്ളടക്കത്തിനനുസരിച്ചു മാത്രമേ പുതുവൈപ്പിൽ ടെർമിനൽ നിർമാണം നടത്താൻ പാടുള്ളൂ. എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ച വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്ററിനും 300 മീറ്ററിനും ഇടയിലാണ് നിർമാണപ്രവർത്തനം നടത്തുന്നത്.
ഇതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. വി. തോമസ് എംപി, എസ്. ശർമ എംഎൽഎ, ജില്ലാ കളക്ടർ എന്നിവർക്കു നിവേദനങ്ങൾ സമർപ്പിച്ചിട്ടും യാതൊരു നടപടിയും ഇല്ല. ഐഒസി ആകട്ടെ നിയമവിരുദ്ധ നിർമാണവുമായി മുന്നോട്ട് പോകുകയാണെന്നും സമതി നേതാക്കൾ ആരോപിച്ചു. ഇതേ തുടർന്നാണ് ഉപരോധസമരം പ്രഖ്യാപിച്ചത്.