മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പെട്ട ചേലൂ പാറ ഗ്രാനൈറ്റ്സിന് ഉയർന്ന ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് പ്രവർത്തനക്ഷമത വർധിപ്പിച്ച് നൽകാനുള്ള ഭരണസമിതി തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വാർഡ് മെന്പർ.ഏഴാം വാർഡ് മെന്പർ സുജ ടോമാണ് ഒറ്റയാൾ സമരവുമായി രംഗത്തിറങ്ങിയത്.
നേരത്തെ നിരവധി തവണ നാടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് മെന്പറുടെ നിർദേശം മാനിച്ച് അജണ്ട പരിഗണിക്കുന്നത് ഭരണസമിതി മാറ്റി വെച്ചിരുന്നു.എന്നാൽ താൻ സുഖമില്ലാതെ ആശുപത്രിയിലായ ദിവസം നടന്ന യോഗത്തിൽ അജണ്ട ചർച്ച ചെയ്ത് കുറുക്കുവഴിയിലൂടെ അനുമതി നൽകുകയായിരുന്നു എന്ന് സുജ ടോം ആരോപിച്ചു. ഈ അജണ്ട ചർച്ചക്കടുക്കില്ലന്ന് പ്രസിഡന്റ വാക്കാൽ ഉറപ്പ് നൽകിയതായും അവർ അവകാശപ്പെട്ടു.
നാട്ടുകാരുടെ എതിർപ്പ് മറികടന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ക്രഷറിന് എൻഒസി നൽകിയത്. എന്നാൽ ആറ് ,ഏഴ്, വാർഡ് ഗ്രാമസഭ പ്രമേയം പാസാക്കിയതുമൂലം പഞ്ചായത്ത് അനുമതി തടഞ്ഞു. ഇതിനെതിരെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് .
നിലവിൽ ബിൽഡിംഗ് പെർമിറ്റ്, മെഷീൻ ഇൻസ്റ്റാൾ അനുമതി എന്നിവയെല്ലാം പഞ്ചായത്ത് നൽകേണ്ടതാണ്.ഇത്തരമൊരു അനുമതിയുമില്ലാതെയാണ് പ്രവർത്തനമെന്നും ആരോപണമുണ്ട്. അനുമതി റദാക്കിയില്ലങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് സുജ ടോം പറഞ്ഞു.