തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. ശന്പളം വർധിപ്പിക്കാത്തതിനെ തുടർന്നാണ് നഴ്സുമാർ വീണ്ടും സമരത്തിനിറങ്ങുന്നത്. മുന്പ് നടത്തിയ ദിവസങ്ങൾ നീണ്ട സമരം മുഖ്യമന്ത്രിയുടെ ഉറപ്പുകളേയും വാഗ്ദാനങ്ങളേയും തുടർന്ന് അവസാനിപ്പിച്ചതാണെങ്കിലും ശന്പളം കൂട്ടുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും നഴ്സുമാർ പറയുന്നു. കഴിഞ്ഞ ജൂലൈ 20ന് ശന്പളം വർധിപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിൽ നഴ്സുമാർ സമരം പിൻവലിച്ച് ജോലിക്കു കയറിയിരുന്നു.
എന്നാൽ ഇതുവരെയായിട്ടും തങ്ങൾക്ക് ശന്പളം വർധിപ്പിച്ചില്ലെന്നാണ് ഇവരുടെ പരാതി.
ധാരണ പ്രകാരമുള്ള ശന്പള വർധനവ് ഐആർസി എന്ന വ്യവസായ ബന്ധസമിതിയിൽ മാനേജ്മെന്റുകൾ എതിർത്തുവത്രെ. സർക്കാർ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റ് അംഗങ്ങളും യൂണിയൻ ഭാരവാഹികളും അംഗങ്ങളായ സമിതി ഇതിനിടെ ഒരു തവണ യോഗം ചേർന്നെങ്കിലും ഒന്നും നടന്നില്ല. ഐആർസിയും പിന്നാലെ മിനിമം വേജസ് ബോർഡും അംഗീകരിച്ചാലേ ശന്പളം പരിഷ്കരിച്ചുള്ള സർക്കാർ ഉത്തരവിറങ്ങുകയുള്ളു.
ശന്പളം വർധിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനു പുറമെ മാനേജ്മെന്റുകൾ പ്രതികാര നടപടികൾ തുടരുന്നതായും നഴ്സുമാർ ആരോപിക്കുന്നു. പിരിച്ചുവിടലും തരംതാഴ്ത്തലും പല ആശുപത്രികളിലും ഇപ്പോഴും നടക്കുന്നതായി പരാതിയുയർന്നിട്ടുണ്ട്. ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ തരം താഴ്ത്തുന്നുണ്ടെന്നും വളരെ സീനിയറായ നഴ്സുമാരെ പോലും പിരിച്ചുവിടുന്നതായും പരാതി വ്യാപകമാണ്. ഇതിലും സർക്കാർ ഇടപെടൽ ഇല്ലെന്നാണ് നേഴ്സുമാരുടെ ആക്ഷേപം.
സർക്കാർ പറയുന്ന പ്രകാരം ശന്പള വർധന നടപ്പാക്കിയാൽ ചികിത്സ ചിലവ് വർധിക്കുമെന്നും ആ സാന്പത്തിക ഭാരം രോഗികളിലേക്കാണ് എത്തുകയെന്നും മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു. ശന്പളവർധന സംബന്ധിച്ച ചർച്ചകൾ തുടരുന്നുവെന്നാണ് സർക്കാരിന്റെ നിലപാട്.