കണ്ണൂർ: നഴ്സുമാരുടെ സമരം നേരിടാൻ കണ്ണൂരിൽ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ മൂന്നുദിവസമായി നടത്തിവരുന്ന സമരം പിൻവലിച്ചു. ഇന്നു രാവിലെ കണ്ണൂർ കളക്ടറുമായി സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ നേതാക്കാൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
ചർച്ചയുടെ അടിസ്ഥാനത്തിൽ കളക്ടർ പ്രഖ്യാപിച്ച 144 ാം വകുപ്പ് മരവിപ്പിച്ചതായി വിദ്യാർഥി നേതാക്കൾ അറിയിച്ചു. സമരം നടത്തിയ വിദ്യാർഥികൾക്കെതിരേ നടപടി എടുക്കില്ലെന്നും കളക്ടർ അറിയിച്ചു. നഴ്സിംഗ് വിദ്യാർഥികൾ പഠിക്കുന്ന അതാത് ആശുപത്രികളിൽ അടിയന്തര സാഹചര്യമുണ്ടായാൽ ഹെഡ് നഴ്സുമാരെ സഹായിക്കാൻ വിദ്യാർഥികൾ തയാറാവണമെന്നും കളക്ടർ നിർദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നഴ്സിംഗ് വിദ്യാർഥികൾ സമരം പിൻവലിച്ചത്. എസ്എൻഎ, യുഎൻഎസ്എ, കെജിഎസ്എൻഎ എന്നീ വിദ്യാർഥി സംഘടനകളാണ് സമരരംഗത്ത് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെമുതൽ ക്ലാസിൽ കയറാൻ വിദ്യാർഥികൾ തീരുമാനിച്ചു.