നാദാപുരം: ഗ്രാമപഞ്ചായത്തിലെ പാലോഞ്ചോല മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പരസരവാസികൾ ആരംഭിച്ച ജനകീയസമരത്തിന് ഒരു വയസ്. പഞ്ചായത്തിലെ ടൗണുകളിലും മറ്റുമുള്ള മാലിന്യങ്ങൾ പ്ലാന്റിലെത്തിച്ച് സംസ്കരിക്കാനായിരുന്നു ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ പദ്ധതി.ലക്ഷങ്ങൾ ചിലവിട്ട് നിർമിച്ച പ്ലാന്റ് ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് മാലിന്യം സംസ്കരിക്കാതെ പ്ലാന്റ് പരിസരത്ത് കുന്നു കൂടുകയും ദുർഗന്ധം വമിക്കുകയും,പരിസരത്തെ വീടുകളിലെ കിണർ വെള്ളം മലിനമാകുകയും ചെയ്തതോടെയാണ് പ്രദേശവാസികളായ 100 ഓളം കുടുംബങ്ങൾ സമരമാരംഭിച്ചത്.
ജില്ലാ ഭരണ കൂടവും ഗ്രാമപഞ്ചായത്തും പല വട്ടം ചർച്ച നടത്തിയെങ്കിലും പരിസരവാസികളായ സമരക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നതോടെ പ്രവർത്തനം നിലക്കുകയുമായിരുന്നു. ഇതിനിടയിൽ ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയും സമരക്കാരെ മാറ്റി പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. പോലീസ് സഹായത്താൽ രണ്ട് തവണ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും സമരം തുടരുകയായിരുന്നു.പരിസരവാസികൾ തങ്ങളുടെ നിലപാടിലുറച്ചു നിന്നതിനാൽ പ്ലാന്റ് തുറക്കാൻ പഞ്ചായത്തിന് നാളിത് വരെ കഴിഞ്ഞില്ല.
പ്ലാന്റിലേക്ക് രാത്രിയിൽ പോലും ഒരു വാഹനവും കടത്തി വിടാൻ സമരക്കാർ തയ്യാറായില്ല.പ്ലാന്റിൽ സംസ്കരണം നിലച്ചതോടെ ടൗണുകളിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. സമരത്തിന്റെ ഒന്നാം വാർഷികം നാട്ടുകാർ ആഘോഷപൂർവ്വം കൊണ്ടാടി. എ.മുഹസിൻ,പി.ടി.കെ.ബാബു,കെ.കെ.ആലി,ചാലിൽ കൃഷ്ണൻ,അരയാലുമ്മൽ കുഞ്ഞമ്മദ് ഹാജി,പാലോറ ശങ്കരൻ എന്നിവർ പ്രംസഗിച്ചു.സമരക്കാരുമായി ഇക്കാര്യത്തിൽ ചർച്ച തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ പറഞ്ഞു.