തൃശൂർ: തൃശൂർ എഇഒ ഓഫീസ് പരിധിയിലെ സ്കൂൾ പാചകതൊഴിലാളികൾക്ക് മാർച്ച് മാസത്തെ ശന്പളം ഇതുവരെയും ലഭിച്ചില്ല. പാചകതൊഴിലാളികൾ പലതവണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഫലം കണ്ടില്ല.
വിശേഷ ദിവസങ്ങളിൽ മനപ്പൂർവം ശന്പളം നൽകാതെ ബുദ്ധിമുട്ടിക്കുന്ന തൃശൂർ എഇഒ ഓഫീസിലെ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് ഡബ്ല്യൂഎ സംസ്ഥാന ജനറൽ സെക്രട്ടറി ബീന ബാലൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകി.
എല്ലാ മാസവും അടുത്ത മാസത്തിലെ അഞ്ചാം തിയതിക്കുള്ളിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് ശന്പളം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകളെ അവഗണിച്ചാണ് തൃശൂർ എഇഒ ഓഫീസിന്റെ പ്രവർത്തനമെന്ന് അസോസിയേഷൻ ആരോപിച്ചു. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കുമുന്പിൽ സമരം നടത്തുമെന്ന് ബീന ബാലൻ മുന്നറിയിപ്പു നൽകി.