തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ അനുകൂല സംഘടനാ പ്രസിഡന്റിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ.
ഉച്ചക്ക് പന്ത്രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ സമരഗേറ്റിൽ നടക്കുന്ന പ്രതിഷേധ ധർണയുടെയും സമരപരിപാടികളുടെയും ഉദ്ഘാടനം യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ നിർവഹിക്കും.
സെക്രട്ടറിയേറ്റ് അസോ. പ്രസിഡന്റ് ജെ.ബെൻസിയെ ഉൾപ്പെടെയുള്ള ജീവനക്കാരെ സർക്കാർ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. ബെൻസിയെ സെക്രട്ടറിയേറ്റിന് പുറത്തേക്കാണ് സ്ഥലം മാറ്റിയത്.
എന്നാൽ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റിനെ സെക്രട്ടറിയേറ്റിനകത്ത് തന്നെയുള്ള വേറെ വിഭാഗത്തിലേക്ക് മാത്രമേ സ്ഥലം മാറ്റാൻ നിയമപരമായി സാധിക്കുകയുള്ളൂവെന്നും സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ച് സെക്രട്ടറിയേറ്റിനകത്ത് തന്നെ അസോസിയേഷൻ പ്രസിഡന്റിന് നിയമനം നൽകണമെന്നാണ് ഒരു വിഭാഗം ജീവനക്കാർ ആവശ്യപ്പെടുന്നത്.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഫയൽ പുറത്ത് വന്നതിനെ തുടർന്ന് സർക്കാർ പല ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.