കണ്ണൂർ: ഹൈവേ വികസനത്തിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടന്നുവന്നിരുന്ന അനിശ്ചിതകാല സമരം താത്കാലികമായി അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
നാഷണൽ ഹൈവേ അഥോറിറ്റി എടുക്കുന്ന ചിറ്റമ്മനയമാണ് വ്യാപാരികളുടെ നഷ്ടപരിഹാരത്തിനു തടസമായിട്ടുള്ളത്. കേന്ദ്രഹൈവേ അഥോറിറ്റിയുമായി ചർച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നാണ് മുഖ്യമന്ത്രി സംഘടനാനേതാക്കൾക്ക് ഉറപ്പ് നൽകിയത്.
പൊതുആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന പാതയോരങ്ങളിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നിലവിലുള്ള ധാരണപ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമിതി സംസ്ഥാന ഗവർണമെന്റ് വി.കെ.സി. മമ്മദ്കോയ എംഎൽഎ, സംസ്ഥാനസെക്രട്ടറി ഇ.എസ്. ബിജു, കണ്ണൂർ ജില്ലാ സെക്രട്ടറി വി. ഗോപിനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. വിജയൻ, എം.എ. ഹമീദ്ഹാജി എന്നിവർ പങ്കെടുത്തു.
ബന്ധപ്പെട്ട മന്ത്രിമാർക്കും സമിതി നേതാക്കൾ നിവേദനം നൽകി. കളക്ടറേറ്റിനു മുന്നിലുള്ള സമരപന്തലിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചാക്കോ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ വി. ഗോപിനാഥ്, സി.കെ. വിജയൻ, എം.എ. ഹമീദ്ഹാജി, ജയരാജ് പുത്തലത്ത്, കെ. പങ്കജവല്ലി സുഗുണൻ എന്നിവർ പ്രസംഗിച്ചു.
നഷ്ടപരിഹാരം ലഭിക്കുന്നതുവരെ വ്യാപാരികൾ ഒഴിയില്ലായെന്ന് സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. ഹൈവേ വികസന അഥോറിറ്റി നീതിപാലിക്കണമെന്നും സംസ്ഥാന സർക്കാരുമായി ചർച്ച നടത്തി ആവശ്യമായ നഷ്ടപരിഹാരം വ്യാപാരികൾക്ക് ലഭ്യമാക്കണെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.