കണ്ണൂർ: പിരിച്ചുവിട്ട ജീവനക്കാർക്ക് അർഹതപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നൽകുമെന്നും എന്നാൽ, ജോലിയിൽ തിരിച്ചു പ്രവേശിക്കാൻ സാധിക്കില്ലെന്നും ജ്യോതിസ് കണ്ണാശുപത്രി മാനേജ്മെന്റ് രാഷ്ട്രദീപികയോട് പറഞ്ഞു.
സമരപ്പന്തലിൽ വച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും മാനേജ്മെന്റിനെതിരേയും ആശുപത്രിക്കെതിരേയും സമരം നടത്തുന്ന ജീവനക്കാർ അപകീർത്തിപരമായ പ്രസ്താവനകളാണ് നടത്തുന്നത്. ഇതു കണ്ടില്ലെന്നു നടിക്കാൻ മാനേജ്മെന്റിനാവില്ല.
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ സാധിക്കില്ല. ഏഴ് ജീവനക്കാരെ മാത്രമാണ് കോവിഡ് കാലത്ത് പിരിച്ചുവിട്ടത്.
കോവിഡ് പ്രതിസന്ധികാലത്ത് ആശുപത്രിയിൽ വരാതെ വിട്ടു നിന്നവരെയാണ് പിരിച്ചുവിട്ടത്. എന്നാൽ, മറ്റുള്ള ജീവനക്കാർ കൃത്യമായി ആശുപത്രിയിലെത്തി ജോലിചെയ്യുകയും ചെയ്തിരുന്നു.
ആശുപത്രിയിൽ എത്താത്ത ഏഴ് ജീവനക്കാരെ മാത്രമാണ് പിരിച്ചുവിട്ടതെന്നും മറ്റു ജീവനക്കാർ സ്വയമേ പിരിഞ്ഞുപോയവരാണെന്നും ആശുപത്രി മാനേജ്മെന്റ് പറഞ്ഞു.
ജ്യോതിസ് കണ്ണാശുപത്രിയിലെ ജീവനക്കാരുടെ സമരം രണ്ടുമാസം പിന്നിടുന്നു
കണ്ണൂർ: പള്ളിക്കുന്ന് ജ്യോതിസ് കണ്ണാശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട വനിതാ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) നടത്തുന്ന സമരം രണ്ടു മാസം പിന്നിടുന്നു.
കോവിഡ് സമയമാണെന്ന കാരണം പറഞ്ഞ് 17 ജീവനക്കാരുൾപ്പെടെ 23 പേരെ മാനേജ്മെന്റ് പിരിച്ചുവിട്ടതായി സമരക്കാർ ആരോപിക്കുന്നു. തുടർന്നാണ് ഇവർ ആശുപത്രി ഗേറ്റിനു മുന്നിൽ അനശ്ചിതകാര സമരം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ബിഎംഎസ് പ്രവർത്തകർ റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികൾ നടത്തിയിരുന്നു. കോവിഡ് കാലത്ത് തൊഴിലാളികളെ പിരിച്ചുവിടുകയോ ആനുകൂല്യങ്ങൾ കുറവുചെയ്യുകയോ ചെയ്യരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.
മാനേജ്മെന്റിനെതിരേ വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ബിഎംഎസ് ജില്ലാ ഭാരവാഹികൾ പറഞ്ഞു.