അടിമാലി: ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിൽ സ്ട്രോബറി കൃഷി സജീവമാകുന്നു. കുറഞ്ഞ കാലയളവിൽ കൂടുതൽ വരുമാനം കണ്ടെത്താൻ കഴിയുന്നതിനാൽ നിരവധി കർഷകരാണ് സ്ട്രോബറി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
വട്ടവടയിലെ സ്ട്രോബറി കൃഷിയിടങ്ങൾ കാണാൻ ഒട്ടേറെപ്പേർ എത്തിത്തുടങ്ങി. മഞ്ഞുകാലമാസ്വദിക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾ 45 കിലോമീറ്റർകൂടി താണ്ടി വട്ടവടയിലെത്തിയാൽ ശീതകാല പച്ചക്കറികളും സ്ട്രോബറിയുമെല്ലാം വിളഞ്ഞുനിൽക്കുന്ന പാടങ്ങൾ കാണാം. സൗജന്യമായി സ്ട്രോബറിത്തോട്ടങ്ങൾ സന്ദർശിക്കാം. 400 രൂപ മുതൽ 800 രൂപവരെ നൽകി സ്ട്രോബറി പഴങ്ങൾ വാങ്ങുകയും ചെയ്യാം.
കാലാവസ്ഥ അനുകൂലമാകുകയും ഉയർന്ന വില ലഭിക്കുകയും ചെയ്തതോടെയാണ് വട്ടവടയിലെ കർഷകർ വീണ്ടും സ്ട്രോബറി കൃഷിയിലേക്ക് തിരിഞ്ഞത്. ജൈവ കൃഷിരീതികൾ വട്ടവട സ്ട്രോബറിയെ പ്രിയങ്കരമാക്കുന്നു. സ്ട്രോബറിക്ക് പ്രിയമേറിയതോടെ സംസ്ഥാന ഹോർട്ടികോർപ് മിഷൻ പ്രത്യേക പദ്ധതി തയാറാക്കി കൃഷിഭവൻ വഴി അത്യുത്പാദനശേഷിയുള്ള തൈകൾ കർഷകർക്ക് വിതരണം ചെയ്തിരുന്നു. ഇതും മേഖലയിൽ സ്ട്രോബറി കൃഷി വ്യാപിപ്പിക്കുവാൻ സഹായകമായിട്ടുണ്ട്.