സ്ട്രോക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവ വന്നു പോകുകയോ അല്ലെങ്കിൽ അവ പൂർണമായും അപ്രത്യക്ഷമാകുകയോ ചെയ്താൽ പോലും ഉടൻ വൈദ്യസഹായം തേടുക. ഇതിനായി “FAST” എന്ന വാക്കു ഓർത്തിരിക്കുക.
1. F for Facial Deviation – വ്യക്തിയോട് പുഞ്ചിരിക്കാൻ ആവശ്യപ്പെടുക. അപ്പോൾ മുഖം കോടിപ്പോവുന്നുണ്ടോ എന്ന് നോക്കുക
2. A for Arm Drift – രണ്ട് കൈകളും ഉയർത്താൻ വ്യക്തിയോട് ആവശ്യപ്പെടുക. ഒരു കൈ താഴേക്ക് നീങ്ങുന്നുണ്ടോ? അതോ ഒരു കൈ ഉയർത്താൻ സാധിക്കുന്നില്ല?
3. S for Speech disturbances- ലളിതമായ ഒരു വാചകം ആവർത്തിക്കാൻ വ്യക്തിയോട് ആവശ്യപ്പെടുക. അവന്റെ അല്ലെങ്കിൽ അവളുടെ സംസാരം മങ്ങിയതാണോ അതോ അവ്യക്തമാണോ?
4. T for Time – സമയം – ഈ ലക്ഷണങ്ങൾ പെട്ടെന്ന് ഉണ്ടായാൽ ഉടൻ വൈദ്യോപദേശം തേടുക.
സ്ട്രോക്ക് പുനരധിവാസം
സ്ട്രോക്ക് തടയുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് പ്രധാനമാണ്. ഒപ്പം, സ്ട്രോക്ക് പുനരധിവാസത്തെക്കുറിച്ചും സ്ട്രോക്കിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും അറിയേണ്ടതും പ്രധാനമാണ്.
ചികിത്സയുടെ വേഗത്തിലുള്ള ആരംഭം, ഉയർന്ന നിലവാരത്തിലുള്ള പരിചരണം, മികച്ച ന്യൂറോ പുനരധിവാസം എന്നിവയുടെ സംയോജനം സ്ട്രോക്കിൽ നിന്നുള്ള അതിജീവനം (വലിയ വൈകല്യമില്ലാതെ )70% വരെ മെച്ചപ്പെടുത്തും. 20% രോഗികൾ മാത്രമേ മരണത്തിലോ സ്ഥിരമായ വൈകല്യത്തിലോ തളയ്ക്കപ്പെടൂ.
ചലനശേഷി വീണ്ടെടുക്കാൻ
ചലനശേഷിക്കുറവും ചലനസംബന്ധമായ കഴിവുകളുടെ നഷ്ടവുമാണ് സ്ട്രോക്ക് ഇരകളുടെ ഏറ്റവും പ്രകടമായ അടയാളം. സ്ട്രോക്ക് പുനരധിവാസം ലക്ഷ്യമിടുന്നത് സ്ട്രോക്കിന് ഇരയായവരെ അവരുടെ ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുക എന്നതാണ്. സ്ട്രോക്ക് പുനരധിവാസത്തിനുള്ള വഴികൾ വ്യത്യസ്തമാണ്.
അവയിൽ ചിലത് ഇനി പറയുന്നവയാണ്: ശാരീരിക പ്രവർത്തനങ്ങൾ, സാങ്കേതിക സഹായത്തോടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ, വൈജ്ഞാനികവും വൈകാരികവുമായ പ്രവർത്തനങ്ങൾ, പരീക്ഷണാത്മക ചികിത്സകൾ എന്നിങ്ങനെ അവയെ വിശാലമായി തരംതിരിച്ചിരിക്കുന്നു.
സ്ട്രോക്ക് രോഗികളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് സ്ട്രോക്ക് പുനരധിവാസം.
(തുടരും)
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി.