സിഡ്നി: ഓസ്ട്രേലിയയില്‍ സ്ട്രോബറിക്കുള്ളിൽ തയ്യല്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ അമ്പതുകാരി പിടിയില്‍. സൂപ്പര്‍ മാര്‍ക്കറ്റുകളിൽ വിറ്റഴിക്കപ്പെട്ട പഴങ്ങളിലാണ് സൂചി കണ്ടെത്തിയിരുന്നത്. ക്വീന്സ്ലാൻഡ് സ്വദേശിനിയാണ് പിടിയിലായത്.
പഴങ്ങള്ക്കുള്ളില്നിന്ന് സൂചിയും പിന്നുകളും കണ്ടെത്തിയെന്ന് പറഞ്ഞ് നൂറിലധികം റിപ്പോര്‍ട്ടുകളാണ് അടുത്ത നാളുകളില്‍ പോലീസിന് ലഭിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. പിടിയിലായ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സൂചി കണ്ടെത്തിയ സംഭവത്തെ തുടർന്ന് ക്വീന്‍സ്ലാൻഡിൽ സർക്കാർ ഇടപെട്ട് സ്ട്രോബറി വിൽപ്പന നിർത്തിവച്ചിരുന്നു. സ്ട്രോബറികൾക്കു പുറമേ മാന്പഴത്തിലും ആപ്പിളിലും സൂചികൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.