തിരുവനന്തപുരം: വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വിദ്യാർഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല.
ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനത്തിന് ടിസി ഇല്ല എന്നുള്ളത് ഒരു തടസമല്ല.
സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായും ഒമ്പത്, പത്ത് ക്ലാസുകാർക്ക് പൊതുവിദ്യാലയങ്ങളിൽ തുടർപഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്.
ടിസി ലഭിക്കാത്ത കുട്ടികളുടെ യുഐഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.
സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വർധിച്ച നിരക്കിൽ വിദ്യാർഥികളിൽ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്.
കമ്പ്യൂട്ടർ ലാബ് ഫീസ്,ലൈബ്രറി ഫീസ്, സ്മാർട് ക്ലാസ്റൂം ഫീസ് തുടങ്ങിയ ഫീസുകൾ രക്ഷിതാക്കളോട് മുൻകാലങ്ങളിലെ പോലെ ചില മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ 2020 – 21 അധ്യയന വർഷം മുതൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല എന്ന വസ്തുത ഈ മാനേജ്മെന്റുകൾ പരിഗണിക്കുന്നില്ല.
സ്പോർട്സ് ആൻഡ് ഗെയിംസ്, സാംസ്കാരിക പരിപാടികൾ, മെഡിക്കൽ എക്സാമിനേഷൻ ഫീസ്, ബാഡ്ജ് ഡയറി ചെലവ് , പ്രോഗ്രസ് റിപ്പോർട്ട് ചാർജുകൾ, പിടിഎ ഫണ്ട്, ഇൻഷ്വറൻസ് തുടങ്ങിയ ഇനങ്ങളിൽ ഒന്നും ചെലവാക്കുന്നില്ലെങ്കിലും പണം ആവശ്യപ്പെടുന്നുണ്ട് എന്ന് പരാതിയുണ്ട്.
കോവിഡ് കാലഘട്ടത്തിൽ നല്ലൊരു ശതമാനം വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് സ്ഥിരം വരുമാനം, സുരക്ഷിത ജോലി തുടങ്ങിയവ ഇല്ല. കൂടുതൽ ഫീസ് ഈടാക്കുന്ന അൺഎയ്ഡഡ് മാനേജ്മെന്റുകൾ ഈ സാഹചര്യം മനസിലാക്കണം എന്നും മന്ത്രി അഭ്യർഥിച്ചു.