കായംകുളം: പ്ലസ് വണ് വിദ്യാർഥിക്കു നേരെയുണ്ടായ പോലീസ് മർദനത്തിൽ പ്രതിഷേധം വ്യാപകം. സിപിഎം എരുവ ലോക്കൽ കമ്മിറ്റിയംഗവും വ്യാപാരി വ്യവസായി സമിതി ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ കായംകുളം മേടമുക്ക് ഫാത്തിമാ മൻസിലിൽ എം.എ. സമദിന്റെ മകൻ അംജത് എ. സമദി(16)നാണ് ഇന്നലെ പോലീസ് മർദ്ദനമേറ്റത്. പരിക്കേറ്റ അംജതിനെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ എംഎസ്എം ഹൈസ്കൂളിനു സമീപം വച്ചായിരുന്നു സംഭവം. സഹപാഠിയായ ഹാറൂണിന്റെ വീട്ടിൽ പോയ ശേഷം ബൈക്കിൽ വരുകയായിരുന്ന അംജതിനെ പൂവാലശല്യം അമർച്ചചെയ്യാൻ എത്തിയ പോലീസ് സംഘം തടഞ്ഞു നിർത്തിയ ശേഷം ബൈക്കിൽ നിന്നും പിടിച്ചിറക്കി മർദിക്കുകയായിരുന്നെന്നാണ് പരാതി.
അടിയേറ്റ് റോഡിൽ വീണ തന്റെ വയറ്റിൽ പോലീസ് ചവിട്ടിയതായും അംജത് പറയുന്നു. ഈ സമയം വീട്ടിലേക്കോടിയ ഹാറൂണിനെ പോലീസ് പിന്തുടർന്ന് വീടിന്റെ കാർപോർച്ചിലിട്ട് മർദിച്ചതായി അംജത് പറഞ്ഞു. വിവരം തിരക്കിയ ഹാറൂണിന്റെ മാതാവിന്റെ സ്കൂട്ടർ പോലീസ് പിടിച്ചെടുത്തെന്നും പരാതിയുണ്ട്. അംജതിന്റെ രണ്ടു കൈകളിലും കാലുകളിലും വയറ്റിലും മർദ്ദനമേറ്റ പാടുകളും നെഞ്ചിൽ ലാത്തികൊണ്ട് കുത്തിയ പാടുമുണ്ട്.
അടി തടഞ്ഞപ്പോൾ കൈവിരലിനും ലാത്തികൊണ്ട് അടിയേറ്റതായി അംജത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മൊഴിനൽകി. അംജത് കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വണ്നേടിയിരുന്നു.
മകനെ ക്രൂരമായി മർദ്ദിച്ച പോലീസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.
സംഭവത്തിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്തമായി കെഎസ്യുവിന്റെ നേതൃത്വത്തിൽപ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.റോഡിൽ പോലീസ് സ്റ്റേഷനു സമീപം മാർച്ച് പോലീസ് തടഞ്ഞു. പോലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് വിദ്യാർഥികൾ കെ പി റോഡ് ഉപരോധിച്ചു.
കെഎസ്യു ജില്ലാ പ്രസിഡന്റ് നിഥിൻ എ. പുതിയിടം, നൗഫൽ ചെന്പകപ്പള്ളിൽ, ഷെമീം, വിശാഖ് പത്തിയൂർ, തുടങ്ങിയവർ മാർച്ചിന് നേത്രത്വം നൽകി. കൂടാതെ ഇന്ന് കെഎസ്യു കായംകുളം നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ ബന്ദ് നടത്തുകയാണ്. വിദ്യാർഥിയെ അകാരണമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് എസ്എഫ്ഐ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.