ന്യൂഡൽഹി: സ്കൂളിൽ വഴക്കുപറഞ്ഞ അധ്യാപകനെ എട്ടാം ക്ലാസ് വിദ്യാർഥി ഇരുന്പുവടിക്ക് അടിച്ചു. ദക്ഷിണ ഡൽഹിയിലെ സർക്കാർ സ്കൂളിലാണു സംഭവം. പന്ത്രണ്ടുകാരന്റെ അടിയേറ്റു മുഖത്ത് പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ ഇരുന്പുവടി കണ്ടെത്തിയതിനെ തുടർന്നാണ് അധ്യാപകൻ കുട്ടിയെ ശകാരിച്ചത്. വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുമെന്ന് അധ്യാപകൻ പറഞ്ഞു. കുട്ടിയുടെ ബന്ധുവിനെ അധ്യാപകൻ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് ഇരുന്പുവടി അധ്യാപകൻ തന്റെ മേശപ്പുറത്ത് എടുത്തുവച്ചു. വിദ്യാർഥി ഇത് തിരികെ ആവശ്യപ്പെട്ടപ്പോൾ അധ്യാപകൻ അനുവദിച്ചില്ല. ഇതേതുടർന്ന് വിദ്യാർഥി ഇരുന്പുവടിയെടുത്ത് അധ്യാപകനെ ആക്രമിക്കുകയായിരുന്നു.
കണ്ണിനുമുകളിൽ അടിയേറ്റ അധ്യാപകൻ ഉടൻ നിലത്തുവീണു. ഇതിനുശേഷം വിദ്യാർഥി സ്കൂളിൽനിന്ന് ഓടിപ്പോയി. സ്കൂൾ ഭിത്തി ചാടിക്കടന്നാണ് കുട്ടി രക്ഷപ്പെട്ടത്. വിദ്യാർഥിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥിയെ പിടികൂടാൻ ശ്രമങ്ങൾ തുടരുകയാണെന്നു പോലീസ് അറിയിച്ചു.