കോഴിക്കോട്: അധ്യാപികയുടെ മുഖത്തടിച്ച വിദ്യാര്‍ഥിക്കെതിരേ പോലീസ് കേസ്. വെള്ളിപറമ്പ് സ്വദേശിയും നഗരത്തിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബോട്ടണി അധ്യാപികയുമായ 47 കാരിയുടെ പരാതിയിലാണ് പ്ലസ്ടു വിദ്യാര്‍ഥിക്കെതിരേ ടൗണ്‍പോലീസ് കേസെടുത്തത്. ഔദ്യോഗിക ജോലി തടസപ്പെടുത്തല്‍, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങി നാലോളം വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അധ്യാപിക പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ ഉള്ളടക്കം : “”പ്ലസ് ടു സയന്‍സ് എ ബാച്ചിലായിരുന്നു ക്ലാസ്. രാവിലെ 10.45 മുതല്‍ 11 വരെ സ്കൂള്‍ അസംബ്ലി നടന്നിരുന്നു. അതിന് ശേഷം ഇന്ര്ര്വെല് കഴിഞ്ഞ് 11.20 ന് ഞാന്‍ ക്ലാസിലെത്തിയപ്പോള്‍ കുട്ടികള്‍ എല്ലാവരും എത്തിയിരുന്നില്ല.
അതിനാല്‍ അഞ്ച് മിനിറ്റിനു ശേഷം വന്ന കുട്ടികളെ കൂടി ക്ലാസില്‍ കയറ്റിയ ശേഷം ഞാന്‍ ക്ലാസ് തുടങ്ങി. പഠിപ്പിച്ച്കൊണ്ടിരിക്കുമ്പോള് കുട്ടികള്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഞാന്‍ അവരോട് ക്ലാസില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീണ്ടും ഒരു വിദ്യാര്‍ഥി സംസാരിച്ചു. എഴുന്നേറ്റ് നില്‍ക്കാനും മുന്‍നിരയിലെ ബഞ്ചില്‍ പോയിരിക്കാനും പറഞ്ഞു.
ഇതേതുടര്‍ന്നാണ് അവന് മുഖത്ത് ആഞ്ഞടിച്ചത്. പിന്നീട് അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ക്ലാസിലുള്ള മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് അപമാനിക്കണമെന്ന ഉദ്യേശത്തോടെയാണ് വിദ്യാര്‍ഥി അടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തത്. അതിനാല്‍ ജോലിക്ക് തടസമുണ്ടാവുകയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം”. വിദ്യാര്‍ഥിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.