സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വകാര്യബസ് പണിമുടക്കുമായി ബന്ധപ്പെട്ടു ബസുടമകളുമായി ഇന്നലെ ഗതാഗതമന്ത്രി നടത്തിയചര്‍ച്ച പൊളിഞ്ഞതോടെ പ്രതിസന്ധി രൂക്ഷം. വിദ്യാര്‍ഥികളുടെ കണ്സഷന് നിലവിലെ സാഹചര്യത്തില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല. വിദ്യാര്‍ഥിസംഘടനകളുടെ എതിര്പ്പുള്ളതിനാലാണിത്. ഇത്തരമൊരു സാഹചര്യം മുളയിലെ നുള്ളാന്‍ എംഎസ്എഫ് ഇന്നലെ ചര്‍ച്ചനടന്ന കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തിയിരുന്നു.
എബിവിപിയും എസ്എഫ്ഐയും നിരക്കുവര്ധിപ്പിച്ചാല് പ്രക്ഷോഭത്തിന് ഇറങ്ങേണ്ട സാഹചര്യം ഉണ്ടാകും. നാളെ മുഖ്യമന്ത്രിയെ നേരിട്ട് കാണാനാണ് ബസ് ഉടമകളുടെ തീരുമാനം. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന ആവശ്യത്തില്‍ നിന്നും ഇതിനകം ബസുടമകള്‍ പിന്നോട്ടുപോയികഴിഞ്ഞു.കണ്‍സഷന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ തര്‍ക്കമുള്ളത്. വിദ്യാര്‍ഥികളുടെ കണ്സഷന് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
ആദ്യം സമരം പിന്‍വലിക്കട്ടെ എന്നിട്ട് ചര്‍ച്ചചെയ്യാമെന്ന നിലപാടാണ് ഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്. കണ്സഷന് നിരക്ക് വര്‍ധിപ്പിച്ചാല്‍ അത് സര്ക്കരിരേയുള്ള സമരത്തിന് വഴിയൊരുക്കുമെന്ന കാര്യവും ഉറപ്പാണ്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഒരു രൂപയില്‍ നിന്നും രണ്ടു രൂപയാക്കണമെന്നാണ് ബസുടമകള്‍ ഗതാഗതമന്ത്രിയോടു ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ മന്ത്രി തയാറായില്ല.
വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്നും മിനിമം ചാര്‍ജ് കഴിഞ്ഞു തുടര്‍ന്നു വരുന്ന ഫെയര്‍ സ്റ്റേജ് (രണ്ടര കിലോമീറ്റര്‍ ) മറ്റു യാത്രക്കാര്‍ക്കായി നിലവില്‍ വര്‍ധിപ്പിച്ച മിനിമം ചാര്‍ജിന്റെ 25 ശതമാനം കൂട്ടാമെന്നുമാണ് മന്ത്രി ചര്‍ച്ചയില്‍ സമരക്കാരോടു വ്യക്തമാക്കിയത്.
എന്നാല്‍ സര്‍ക്കാറിന്റെ തീരുമാനം അംഗീകരിക്കാന്‍ സമരക്കാര്‍ തയാറായില്ല. 24 വയസില്‍ കൂടുതലുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് അനുവദിക്കരുതെന്ന ബസുടമകളുടെ ആവശ്യവും ചര്‍ച്ചയില്‍ അംഗീകരിച്ചില്ല. വിദ്യാര്‍ഥികളെന്ന നിര്‍വചനത്തില്‍ വരുന്നവര്‍ക്കു പ്രായപരിധി നിശ്ചയിക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാടെന്നു മന്ത്രി പറഞ്ഞു.
അതേസമയം, ബസ്ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ടു സമരം തുടരാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാന്‍ ഏതൊക്കെനടപടികളാണോ സ്വീകരിക്കേണ്ടത് അതു സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. കടുത്ത നടപടികള്‍ വേണമോയെന്നത് കൂടിയാലോചനയിലൂടെ തീരുമാനിക്കും.
ജനങ്ങളുടെ ബദ്ധിമുട്ട് തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. അതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറില്ല. സമരക്കാരുമായി സര്‍ക്കാരിനു ശത്രുതാ മനോഭാവമില്ല. അവര്‍ ആവശ്യപ്പെട്ടാല്‍ ഏതു നിമിഷവും വീണ്ടും ചര്ച്ചയ്ക്കൊരുക്കമാണെന്നും ശശീന്ദ്രന് അറിയിച്ചു. എന്നാല്‍ ഇനി മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് ബസുടമകളുടെ തീരുമാനം.