വിശാഖപട്ടണം: കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി. കോളേജിൽ വച്ച് താൻ ലൈംഗിക പീഡനത്തിന് ഇരയായെന്നും ഈ വിവരം പുറത്തുപറഞ്ഞാൽ ഫോട്ടോ പുറത്തുവിടുവെന്നും പറഞ്ഞ് ഭീഷണി നേരിട്ടതായും വിദ്യാർഥി തന്റെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.
യുവതി കുടുംബാംഗങ്ങൾക്കായി നീണ്ട സന്ദേശം അയച്ചതിന് ശേഷമാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ക്ഷമിക്കണം ചേച്ചി, ഞാൻ പോകുന്നു എന്ന സന്ദേശമാണ് പെൺകുട്ടി അവസാനമായി ചേച്ചിക്ക് അയച്ചത്. വിശാഖപട്ടണം പോളിടെക്നിക് കോളജിലെ വിദ്യാർഥിനിയാണ് മരിച്ചത്.
കോളജ് അധികൃതർ വ്യാഴാഴ്ച രാത്രി 10 മണിയോടെ പെൺകുട്ടിയെ കാണാനില്ലെന്ന വിവരം പെൺകുട്ടിയുടെ വീട്ടിൽ വിളിച്ച് അറിയിച്ചു. പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കാതായതോടെ പോലീസിൽ വീട്ടുകാർ വിവരം അറിയിച്ചു. എന്നാൽ പുലർച്ചെ 12.50 ഓടെ പെൺകുട്ടി മെസേജ് അയച്ചു.
പേടിക്കേണ്ടെന്നും എന്തുകൊണ്ടാണ് പോകുന്നതെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ലെന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ലെന്നുമാണ് വീട്ടുകാർക്ക് പെൺകുട്ടി സന്ദേശം അയച്ചത്.
എന്നെക്കുറിച്ച് മറന്നേക്കു. എന്നോട് ക്ഷമിക്കണം. എന്നെ വളർത്തിയതിന് അച്ഛനും അമ്മയ്ക്കും നന്ദി. എന്റെ അധ്യായം ഇവിടെ അവസാനിക്കുന്നു എന്നാണ് പെൺകുട്ടിയുടെ സന്ദേശത്തിൽ പറയുന്നത്. പിതാവിനോടായുള്ള സന്ദേശത്തിലാണ് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി പറയുന്നത്.
എന്തുകൊണ്ട് ഞാൻ പരാതി നൽകിയില്ല എന്ന് ചിലപ്പോൾ അച്ഛൻ ചോദിച്ചേക്കാം. അതുകൊണ്ട് കാര്യമില്ല. അവർ എന്റെ ഫോട്ടോ എടുത്തിട്ടുണ്ട്. അത് കാണിച്ച് ഭീഷണിപ്പെടുത്തുന്നു. മറ്റ് പെൺകുട്ടികളും ഇത് നേരിടുന്നു. പെൺകുട്ടിയുടെ സന്ദേശത്തിൽ പറയുന്നതിങ്ങനെ.