തലശേരി: ഇൻസ്റ്റയിലൂടെ പ്രണയം തലയ്ക്ക് പിടിച്ച് പത്തൊമ്പതുകാരനായ കാമുകനൊപ്പം ഒളിച്ചോടി പതിനാറുകാരി. കൊച്ചിയിലെത്തിയ കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി രണ്ട് ദിവസം രാത്രി കഴിച്ചുകൂട്ടിയത് പാർക്കിലും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലും. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ആലുവ സ്വദേശിക്കൊപ്പമാണ് പെൺകുട്ടി നാടുവിട്ടത്.
കാമുകൻ മുമ്പ് തന്നേക്കാൾ പ്രായമുള്ള യുവതിയുമായി പ്രണയത്തിലാകുകയും നാടുവിടുകയും ചെയ്തിരുന്നു. അന്ന് ഇരുവരെയും കണ്ടെത്തിയ എറണാകുളം പോലീസ് ഇരുവർക്കും പ്രായപൂർത്തിയായതിനാൽ വിട്ടയയ്ക്കുകയായിരുന്നു പിന്നീടാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ ഇയാൾ ഇൻസ്റ്റാഗ്രാമിലൂടെ പ്ലസ് വൺ വിദ്യാർഥിനിയെ വലയിലാക്കിയത്.
സംഭവത്തിൽ ചൊക്ലി പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത ആലുവ ഹിൽ റോഡിലെ സ്നേഹക്കൂട് ബോയ്സ് ഹോമിലെ അജിത്തിനെ കോടതി റിമാൻഡ് ചെയ്തു.
എറണാകുളം മറൈൻ ഡ്രൈവിൽ കറങ്ങി നടക്കുന്നതിനിടയിലാണ് ഇരുവരും പോലീസിന്റെ പിടിയിലാകുന്നത്. കണ്ണൂർ ജില്ലയിൽ എത്തിയ അഭിജിത്ത് സ്കൂൾ വിട്ട് വരികയായിരുന്ന പെൺകുട്ടിയുമായി സ്ഥലം വിടുകയായിരുന്നു.
രാവിലെ പെൺകുട്ടിയെയും യുവാവിനെയും ഒരുമിച്ച് പെൺകുട്ടിയുടെ ബന്ധു കണ്ടിരുന്നു. ഇരുവരെയും താക്കീത് ചെയ്തശേഷം പെൺകുട്ടിയെ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. അന്ന് ഉച്ചക്കുതന്നെയാണ് ഇരുവരും സ്ഥലം വിട്ടത്.