ഇടുക്കി: തോപ്രാംകുടി വാത്തിക്കുടിയിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥിനിയായ മാതാവിനെതിരേ കേസെടുക്കും. പ്രസവ വിവരം മറച്ചു പിടിച്ചതിനും കുഞ്ഞിന്റെ മൃതദേഹം പുറത്തറിയിക്കാതെ മറവു ചെയ്യാൻ ശ്രമിച്ചതിനുമാണ് അവിവാഹിതയായ പെണ്‍കുട്ടിക്കെതിരേ കേസെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ മരണം കൊലപാതകമാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. ഇതിനിടെ ആരോഗ്യ നില വഷളായ മാതാവിനെ ഇടുക്കി മെഡിക്കൽ കോളജിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ചൊവ്വാഴ്ച വീട്ടിൽ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്കൂൾ ബാഗിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. കട്ടപ്പനയിലെ ഒരു കോളജിലെ ബിരുദ വിദ്യാർഥിനിയാണ് പെണ്‍കുട്ടി. മണിയാറൻകുടി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.
എന്നാൽ യുവാവ് മറ്റൊരു പെണ്‍കുട്ടിയേയാണ് വിവാഹം കഴിച്ചത്. യുവാവിനു പ്രണയബന്ധം ഉണ്ടെന്നറിഞ്ഞ യുവതി യുവാവുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി. ഇതിനിടെ പ്രണയിച്ചിരുന്ന പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിയുകയും ചെയ്തതോടെ യുവാവ് ജീവനൊടുക്കിയിരുന്നു.
ഗർഭിണിയാണെന്ന വിവരം ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറച്ചുവച്ചാണ് പെണ്‍കുട്ടി കട്ടപ്പനയിലെ കോളജിൽ പഠിക്കാനെത്തിയിരുന്നത്. ഷാൾ ഉപയോഗിച്ച് വയർ മുറുക്കികെട്ടിവച്ചാണ് പെൺകുട്ടി കോളജിൽ എത്തിയിരുന്നത്.
ചൊവ്വാഴ്ച രാത്രി വീട്ടിലെ ബാത്ത്റൂമിലാണ് കുഞ്ഞിന് ജൻമം നൽകിയത്. തുടർന്ന് കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗിൽ ഒളിപ്പിച്ചു. പിന്നീട് കുട്ടിയെ ഉപേക്ഷിക്കാനായി സഹായം ആവശ്യപ്പെട്ട് സുഹൃത്തിനെ ഫോണിൽ വിളിച്ചു.
വിശ്വാസം വരാതിരുന്ന സുഹൃത്ത് കുഞ്ഞിന്റെ ഫോട്ടോ ആവശ്യപ്പെട്ടു. മൊബൈൽ ഫോണിൽ ചിത്രം പകർത്തി പെണ്‍കുട്ടി വാട്സ്ആപ്പിലൂടെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് വിവരം മുരിക്കാശേരി പോലീസിൽ അറിയിക്കുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പോലീസ് പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടി ജനിച്ചപ്പോൾ ജീവനില്ലായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നൽകിയത്.