തൊടുപുഴ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട വിദ്യാർഥിയെ തൊടുപുഴ പോലീസ് കണ്ട്രോൾ റൂം വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.
തൊടുപുഴ കോ-ഓപറേറ്റീവ് കോളജിലെ ബികോം വിദ്യാർഥി അഭിജിത്തിനെയാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിൽ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാനായത്. അഭിജിത്തിന് അടിയന്തര ചികിത്സ ലഭിച്ചതിനാൽ അപകടനില തരണം ചെയ്തു.
ഇന്നലെ വൈകുന്നേരം തൊടുപുഴ -കുമാരമംഗലം റൂട്ടിൽ കണ്ട്രോൾ റൂം എസ്ഐ എം.ഡി. രാജൻ, സിപിഒ തോമസ് ചാക്കോ, ഡ്രൈവർ ടി.എം. സുനിൽ എന്നിവർ പട്രോളിംഗ് നടത്തുന്നതിനിടെയാണ്.
സംഭവം. തൊടുപുഴയിൽനിന്നും അടിമാലിയിലേക്കുപോയ കെഎസ്ആർടിസി ബസ് പോലീസ് വാഹനത്തിനു മുന്നിൽ നിർത്തി യാത്രക്കാരന് അസഹ്യമായ നെഞ്ചുവേദനയാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും അഭ്യർഥിച്ചു.
ഉടൻതന്നെ അഭിജിത്തിനെ പോലീസ് വാഹനത്തിൽ കയറ്റി വേഗത്തിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ അഭിജിത്തിന് അടിയന്തര ചികിത്സ ഉറപ്പാക്കിയാണ് പോലീസുകാർ മടങ്ങിയത്. മാതൃകാപരമായ പ്രവർത്തനം നടത്തിയ ഇവരെ പോലീസ് സ്റ്റേഷനിൽ ആദരിക്കുമെന്ന് ഡിവൈഎസ്പി എം.ആർ. മധുബാബു പറഞ്ഞു.